ഗുണ്ടാനേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റില്‍

തൊടുപുഴ: കുഴല്‍പ്പണം തട്ടിയെടുത്തതിന്റെ പകവീട്ടാന്‍ ഗുണ്ടാ നേതാവിന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്റ്റില്‍. ഗുണ്ടാനേതാവ് കോടാലി ശ്രീധരന്റെ മകന്‍ അരുണിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പെരിന്തല്‍മണ്ണ പേരയില്‍വീട്ടില്‍ അന്‍വര്‍ സാദത്തിനെയാണ് (36) ഇടുക്കി ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. സംഭവശേഷം 14 മാസത്തിനു ശേഷമാണ് പ്രധാന പ്രതി പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ക്വട്ടേഷന്‍ ഏറ്റെടുത്തയാള്‍ ഉള്‍െപ്പടെ മൂന്നുപേര്‍ കൂടി ഇനിയും പിടിയിലാവാനുണ്ട്. കോയമ്പത്തൂര്‍ വഴി കൊണ്ടുവന്ന അന്‍വര്‍ സാദത്തിന്റെ 3.9 കോടി രൂപയുടെ കുഴല്‍പ്പണം തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ തട്ടിയെടുത്തെന്ന് ആരോപിച്ച് 2016 ഒക്ടോബര്‍ 31നാണ് കോഴിപ്പണിക്കവളവില്‍ ശ്രീധരന്റെ (കോടാലി ശ്രീധരന്‍) മകന്‍ അരുണ്‍കുമാറിനെ കോതമംഗലത്തുള്ള വീട്ടില്‍ നിന്ന് അന്‍വര്‍ സാദത്തിന്റെ സംഘം തട്ടിക്കൊണ്ടു പോവുന്നത്. തുടര്‍ന്ന് മൈസൂരുവിലെ ഒരു ഫഌറ്റില്‍ രണ്ടുപേരുടെ കാവലില്‍ അരുണിനെ സൂക്ഷിച്ചു. ഇതിനിടെ പ്രദേശവാസികളില്‍ ചിലര്‍ അരുണിനെ കണ്ടെത്തി ശ്രീധരന്റെ അടുക്കല്‍ എത്തിച്ചെന്നാണ് പോലിസ് പറയുന്നത്. ഇതിനുശേഷം ഒളിവില്‍പ്പോയ അരുണിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അരുണിനെ കാണാതായി രണ്ട് ദിവസത്തിനകം മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ പിന്നാമ്പുറം വ്യക്തമാവുന്നതും പ്രതികള്‍ പിടിയിലാവുന്നതും. അന്‍വര്‍സാദത്തിന്റെ ആളുകള്‍ കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രീധരനെ സഹായിച്ചതിന് തമിഴ്‌നാട് പോലിസിലെ സിഐയടക്കം മൂന്ന് ഉ—ദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോടാലി ശ്രീധരന്റെ പേരില്‍ 20ലധികം കേസുകളാണുള്ളത്. സിഐ വി കെ രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it