kozhikode local

ഗുണ്ടകളേക്കാള്‍ മോശമാണ് പോലിസ്: വി എം സുധീരന്‍

കോഴിക്കോട്: ഗുണ്ടകളെക്കാ ള്‍ മോശമായാണ് കേരളത്തില്‍ പോലിസ് പെരുമാറുന്നതെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അത്തോളിയില്‍ അനൂപിന് നേരിടേണ്ടി വന്നതെന്നും കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. അത്തോളി പോലിസ് ലോക്കപ്പിലിട്ട് മര്‍ദടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ഉള്ളിയേരി പുത്തഞ്ചേരി തയ്യുള്ളതില്‍ അനൂപിനെ അത്തോളി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
വരാപ്പുഴ സംഭവത്തില്‍ നിന്നും സര്‍ക്കാരും പോലിസും പാഠമുള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, കെപിസിസി അംഗം കെ ബാലകൃഷ്ണന്‍ കിടാവ്, ഡിസിസി ജനറല്‍ സെക്രട്ടറി എ കെ അബ്ദുള്‍ സമദ്, വൈശാഖ് കണ്ണോറ, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് മൊടക്കല്ലൂര്‍ തുടങ്ങിയവര്‍ വി എം സുധീരനോടൊപ്പം ഉണ്ടായിരുന്നു.
മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അനൂപ് ചികില്‍സയില്‍ തുടരുകയാണ്. അത്തോളി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദിച്ചതെന്ന് അനൂപ് പരാതിപ്പെട്ടിരുന്നു. വ്യക്തി വൈരാഗ്യമാണ് കസ്റ്റഡിയിലെടുത്തതിന് പിന്നിലെന്നാണ് ആരോപണം. ഒരു കല്യാണവീട്ടി ല്‍ മദ്യപിച്ചെത്തിയ ചില പോ ലിസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറഞ്ഞതിനെ അനൂപ് അടക്കം ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പോലിസ് അതിക്രമത്തിന് പിന്നിലെന്നാണ് ആരോപണം. വീട്ടിലെത്തിയ പോലിസ് തന്നെ കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്നാണ് അനൂപ് പറയുന്നത്.
തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പോലിസ് അസഭ്യം പറഞ്ഞു. പോലിസ് ജീപ്പില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരി നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്‌തെന്നും അനൂപ് പറയുന്നു. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് അനൂപിനെ മര്‍ദിച്ചിട്ടില്ലെന്നും ഒന്നര മണിക്കൂറിനകം ജാമ്യത്തില്‍ വിട്ടുവെന്നുമാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it