ഗുണഭോക്താവ് പലിശ ചേര്‍ത്തുള്ള മാസഗഡുക്കള്‍ അടയ്ക്കണം: കുടുംബശ്രീ

എസ് ഷാജഹാന്‍

തിരുവനന്തപുരം: റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമില്‍ ഗുണഭോക്താവ് പലിശ ചേര്‍ത്തുള്ള മാസഗഡുക്കളാണു തിരിച്ചടയ്‌ക്കേണ്ടതെന്ന് കുടുംബശ്രീ. പലിശത്തുക ഓരോ ആറുമാസം കൂടുമ്പോഴും ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ തിരികെ നല്‍കുമെന്നും വായ്്പാസംബന്ധമായ നിര്‍ദേശങ്ങളില്‍ പറയുന്നു.
പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കും വീടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ഉപജീവനോപാധികള്‍ നേടുന്നതിനുമായി കുടുംബശ്രീ അംഗമായ കുടുംബനാഥയ്ക്ക് ഒരുലക്ഷം രൂപ വരെ പലിശരഹിതമായി നല്‍കുന്ന പദ്ധതിയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്). പദ്ധതിയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമായിരിക്കണമെന്ന കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്തിയതോടെ പദ്ധതി സംബന്ധിച്ച ആശങ്കയിലാണ് സംസ്ഥാനത്ത് 10000 രൂപയുടെ സഹായം ലഭിച്ചവരില്‍ അധികവും. 60716 കുടുംബശ്രീ യൂനിറ്റുകളാണ് പ്രളയബാധിതപ്രദേശങ്ങളിലുള്ളത്. ഇതില്‍ 15189 യൂനിറ്റുകള്‍ വായ്്പാ അപേക്ഷകള്‍ നല്‍കിക്കഴിഞ്ഞു. ഒരു അയല്‍ക്കൂട്ടത്തിന് പരമാവധി 10 ലക്ഷം രൂപയായിരിക്കും വായ്്പാ പരിധി. നിലവില്‍ വായ്്പയുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവിലെ വായ്്പയുടെ കുടിശ്ശിക കഴിഞ്ഞുള്ള തുകയായിരിക്കും അനുവദിക്കുക.
അനുവദിക്കുന്ന വായ്്പയ്ക്ക് തുല്യഗഡുക്കളായി പലിശസഹിതം അയല്‍ക്കൂട്ടങ്ങള്‍ തിരിച്ചടയ്ക്കണം. വായ്്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നു വായ്്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിലവിലെ രീതിയില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വായ്്പാ തിരിച്ചടവിന് സര്‍ക്കാര്‍ ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയ ശേഷം കബളിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കുടുംബശ്രീ വഴിയുള്ള വായ്പയില്‍ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ വീട്ടുപകരണങ്ങളും അത്യാവശ്യസാധനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അതു വാങ്ങാന്‍ ഒരുലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഇനിയും അതു നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ഇപ്പോള്‍ ബാങ്ക് വായ്പ കുടുംബശ്രീ വഴി ലഭ്യമാക്കുമെന്നാണു പറയുന്നത്. വായ്പ ലഭിക്കാന്‍ വേണ്ടി എല്ലാവരും കുടുംബശ്രീയില്‍ അംഗത്വമെടുക്കേണ്ട അവസ്ഥയാണു വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it