ഗുജറാത്ത് നിയമസഭ: 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

അഹ്മദാബാദ്: ഇന്ധനത്തിന് വാറ്റ് ചുമത്തിയതില്‍ പ്രതിഷേധിച്ച് ഗുജറാത്ത് നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ച 15 കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സസ്‌പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് 50 ഓളം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പെട്രോളിനും ഡീസലിനും വാറ്റ് ചുമത്തിയത് സംബന്ധിച്ച വിശദാംശങ്ങള്‍ കോണ്‍ഗ്രസ് അംഗം വിമല്‍ ചുദാസമയാണ് ചോദ്യോത്തരവേളയില്‍ ആരാഞ്ഞത്. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിന് നികുതി കുറയ്ക്കാന്‍ സംസ്ഥാനസര്‍ക്കാരിന് പദ്ധതിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ധനത്തിന് 20 ശതമാനം വാറ്റാണ് ചുമത്തിയിരിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും കര്‍ണാടകയിലും യഥാക്രമം 28ഉം 30ഉം ശതമാനമാണ് ഇന്ധനത്തിന് വാറ്റ് ചുമത്തിയതെന്നും ഇത് ഗുജറാത്തിനേക്കാള്‍ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിന്റെ കാര്യം പറഞ്ഞാല്‍ മതിയെന്നായി പ്രതിപക്ഷനേതാവ് പരേഷ് ധനാനി. എന്നാല്‍ കൂടുതല്‍ പറയാന്‍ അദ്ദേഹത്തെ സ്പീക്കര്‍ അനുവദിച്ചില്ല.
ഇതോടെയാണ് ബിജെപി സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ച് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയത്. 15 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കര്‍ അവരെ ഒഴിപ്പിക്കാന്‍ മാര്‍ഷലുകളോട് ആവശ്യപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it