Flash News

ഗുജറാത്ത് അടവുനയങ്ങളുമായി രാഹുല്‍ കര്‍ണാടകയില്‍

ഗുജറാത്ത് അടവുനയങ്ങളുമായി രാഹുല്‍ കര്‍ണാടകയില്‍
X
പി സി അബ്ദുല്ല

ബംഗളൂരു: സംഘപരിവാരത്തിന്റെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വ സമീപനവുമായി ഗുജറാത്തില്‍ നേരിട്ട തന്ത്രങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. നാലു ദിവസം നീളുന്ന രാഹുലിന്റെ പര്യടനത്തില്‍ ബിജെപിയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കുംവിധമുള്ള പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിക്കുന്നതിനു പുറമേ ജാതി, ഉപജാതി സമവാക്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് രാഹുലിന്റെ പ്രചാരണം.
ബെല്ലാരിയില്‍ ദലിത് പിന്നാക്ക റാലിയോടെയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് രാഹുല്‍ ബെല്ലാരിയിലെത്തിയത്. അടുത്ത പ്രദേശമായ കോപ്പാളിലും രാഹുല്‍  തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സംബന്ധിച്ചു. കോപ്പാളിലെ ഹുളിഗമ്മ ക്ഷേത്രവും ഘവി സിദ്ധേശ്വര മഠവും  കോണ്‍. അധ്യക്ഷന്‍ സന്ദര്‍ശിച്ചു. രണ്ടു തിരഞ്ഞെടുപ്പു റാലികളിലും മോദിക്കെതിരേ രാഹുല്‍ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഗുജറാത്തിലെ അടവുകള്‍ കര്‍ണാടകത്തിലും കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ—മെന്ന ബിജെപി പ്രചാരണം തടയിടാനാണ് കോണ്‍ഗ്രസ് അധ്യക്ഷനെ രംഗത്തിറക്കിയത്.


നാലു ദിവസം നീളുന്ന രാഹുല്‍ഗാന്ധിയുടെ പ്രചാരണ പരിപാടിയില്‍ പ്രധാനം ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സന്ദര്‍ശനമാണ്. ബെല്ലാരിയില്‍ ദലിത് പിന്നാക്ക റാലിയോടെയാണ് തുടക്കമെങ്കിലും കോപ്പാളിലും തുംകുരുവിലും കല്‍ബുര്‍ഗിയിലും ക്ഷേത്രസന്ദര്‍ശനമാണ് മുഖ്യം. പ്രത്യേക മതപദവി ആവശ്യപ്പെട്ടു സമരമുഖത്തുള്ള ലിംഗായത്ത് സമുദായത്തെ ഒപ്പം കൂട്ടാനാണ് തുംകുരുവിലേക്കുള്ള യാത്ര.  ബിജെപിയോട് ലിംഗായത്തുകള്‍ക്ക് പഴയ മമതയില്ലാത്തത് തങ്ങളെ തുണയ്ക്കുമെന്നു കോണ്‍ഗ്രസ് കരുതുന്നു. കല്‍ബുര്‍ഗിയില്‍ ബന്ദേ നവാസ് ദര്‍ഗയും സന്ദര്‍ശിക്കും.
കോണ്‍ഗ്രസ് ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ബിജെപി പറയുന്ന ഹിന്ദുത്വമല്ല എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല സംസ്‌കാരമാണ് തങ്ങളുടേതെന്നാണ് കോണ്‍ഗ്രസ്സിന്റെ വിശദീകരണം. ഹൈദരാബാദ്-കര്‍ണാടക മേഖലയിലാണ് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങുന്നത്. മതസാമുദായിക സമവാക്യങ്ങള്‍ അനുകൂലമാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി.
Next Story

RELATED STORIES

Share it