Kottayam Local

ഗാര്‍ഹിക അതിക്രമം; സ്ത്രീകളുടെ പുനരധിവാസം കാര്യക്ഷമമാക്കും- കലക്ടര്‍



കോട്ടയം: ഗാര്‍ഹിക അതിക്രമത്തിന് ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് കലക്ടര്‍ സി എ ലത പറഞ്ഞു. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പാക്കുന്നതിന്റെ ഭാഗമായുളള ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്ക് കൗണ്‍സലിങും നിയമ സഹായവും നല്‍കാന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. അഞ്ചു കേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ചുമതലക്കാരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അതിക്രമം സംബന്ധിച്ചു കേസ് നടക്കുന്നവര്‍ക്കുള്ള പുനരധിവാസ ധനസഹായം വേഗത്തില്‍ ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം 24 സ്ത്രീകള്‍ക്ക് ആറു ലക്ഷം രൂപ ലഭ്യമാക്കിയിരുന്നു. പുതുതായി ലഭിച്ച ഏഴുപേരുടെ അപേക്ഷകള്‍ക്കു കമ്മിറ്റി അംഗീകാരം നല്‍കി. തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് ഇവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കും. വീടില്ലാതെ ബന്ധു ഭവനങ്ങളില്‍ കഴിയുന്നവര്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉറപ്പു വരുത്താനുളള നടപടിയും സ്വീകരിക്കും. പ്രായക്കുറവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതിയിലൂടെ തൊഴില്‍ ഉറപ്പ് വരുത്തുമെന്നും കലക്ടര്‍ പറഞ്ഞു.കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ എസ് എന്‍ ശിവന്യ, വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി എന്‍ ശ്രീദേവി, ആരോഗ്യ വകുപ്പ്, പോലിസ്, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സേവനകേന്ദ്രം ചുമതലക്കാര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it