World

ഗസയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു

ഗസ സിറ്റി: ഗസയില്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വീണ്ടും ഇസ്രായേല്‍ സേനയുടെ ആക്രമണം. ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞമാസം 30 മുതല്‍ ഗസയില്‍ ഇസ്രായേല്‍ സേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. മാര്‍ച്ചില്‍ ഗസയില്‍ ഫലസ്തീന്‍ ഭൂമിദിന പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളായത്.
വെള്ളിയാഴ്ച ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേര്‍ക്കുണ്ടായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പതിനായിരക്കണക്കിനു ഫലസ്തീന്‍കാര്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായി.
അതേസമയം, വെസ്റ്റ് ബാങ്കിലെ നബ്ലൂസ് നഗരത്തില്‍ ജൂത കുടിയേറ്റക്കാര്‍ അല്‍ ശെയ്ഖ് സഅദ മസ്ജിദിന്റെ കവാടം തീവച്ചു. അറബികള്‍ക്കും ഫലസ്തീനിനുമെതിരായ വാചകങ്ങള്‍ അക്രമികള്‍ മസ്ജിദിന്റെ ചുവരില്‍ എഴുതിവച്ചതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അറബികള്‍ക്ക് അന്ത്യം എന്നതടക്കമുള്ള വാചകങ്ങളാണ് അക്രമികള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ചു എഴുതിയതെന്നു സാമൂഹിക പ്രവര്‍ത്തകനായ യൂസഫ് ദിരിയ പറഞ്ഞു.
മസ്ജിദ് ആക്രമണത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കമുള്ള നേതാക്കള്‍ അപലപിച്ചു. ഫലസ്തീന്‍ കാരെയും അവരുടെ വിശുദ്ധകേന്ദ്രങ്ങളും സംരക്ഷിക്കപ്പെടണമെന്നും അതിനായി അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്നും മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. ഇസ്രായേലി സേനയുടെ പിന്തുണയോടെയാണ് ഇത്തരം സംഭവങ്ങള്‍. ഇതാദ്യമായല്ല ഇസ്രായേലി കുടിയേറ്റക്കാര്‍ അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it