Flash News

ഗസയില്‍ ഇസ്രായേലിന്റെ ക്രൂരതയ്ക്കിരയായി എട്ട് മാസം പ്രായമുള്ള കുഞ്ഞും

ഗസസിറ്റി: ഗസയില്‍ ഇസ്രായേലിന്റെ ക്രൂരതയാല്‍ കൊല്ലപ്പെട്ടവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ലൈലയും. തിങ്കളാഴ്ച ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കുനേര്‍ക്ക് ഇസ്രായേല്‍ സേന പ്രയോഗിച്ച കണ്ണീര്‍ വാതകം ശ്വസിച്ചാണ്  ലൈല ഗന്ദോര്‍ എന്ന കുഞ്ഞ് കൊല്ലപ്പെട്ടതെന്നു ഗസയിലെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്ല് മുത്തശ്ശിയുടെ കൈകളിലായിരുന്ന ലൈലയുടെ സമീപം പതിക്കുകയായിരുന്നു. ഷെല്ലില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച കുഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു.
ലൈലയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഫലസ്തീന്‍ പതാകയില്‍ പൊതിഞ്ഞാണ് ലൈലയുടെ ഭൗതിക ശരീരം സംസ്‌കരിക്കാനെത്തിച്ചത്. നിരവധി പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. ഗസയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയുടെ കുരുന്നു മുഖമായാണു ലൈലയെ ലോകം ഉയര്‍ത്തിക്കാണിക്കുന്നത്. ലൈലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഗസയിലെ അല്‍ ഷാതി സ്വദേശികളാണ് ലൈലയും കുടുംബവും. ലൈലയെ കൈകളില്‍ എടുത്ത് പൊട്ടിക്കരയുന്ന അമ്മ മറിയത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവന്നു. രണ്ടുവര്‍ഷം മുമ്പ് മറിയത്തിന്റെ മറ്റൊരു കുഞ്ഞും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ വീടിന് മുകളില്‍ ബോംബ് വീണ് സലീം എന്ന 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അന്ന് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ഫലസ്തീനിലെ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹിനെ വെടിവച്ചുകൊന്ന ഇസ്രായേല്‍ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. 2008ലെ ഗസ യുദ്ധത്തില്‍ രണ്ടു കാലും നഷ്ടപ്പെട്ട സലാഹിയുടെ വീല്‍ചെയര്‍ പോരാട്ടങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു.
Next Story

RELATED STORIES

Share it