malappuram local

ഗതാഗതക്കുരുക്ക് രൂക്ഷം; നിന്നുതിരിയാനാവാതെ മഞ്ചേരി നഗരം

മഞ്ചേരി:  പെരുന്നാള്‍ മുന്‍നിര്‍ത്തിയുള്ള തിരക്ക് വര്‍ധിക്കുന്നതിനു മുമ്പ് മഞ്ചേരിയില്‍ ഗതാഗത രൂക്ഷമാവുന്നു. നഗരമധ്യത്തില്‍ വാഹന നിയന്ത്രണത്തിനായി സ്ഥാപിച്ച സിഗ്നല്‍ വിളക്കുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് നാലു പ്രധാന റോഡുകളിലും വാഹന തിരക്ക് നിയന്ത്രണാതീതമാക്കുകയാണ്.
രാവിലെ ആരംഭിക്കുന്ന യാത്രാ തടസം രാത്രിവൈകുന്നതുവരെ തുടരുമ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് ചികില്‍സക്കെത്തുന്ന രോഗികളടക്കം നിരവധി യാത്രക്കാരാണ് വലയുന്നത്. ഒരാഴ്ചയിലധികമായി സിഗ്നല്‍ വിളക്കുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇടക്കിടെയുള്ള വൈദ്യുതി മുടക്കവും തകരാറുകളുമാണ് കാരണം. തിരക്കേറിയ നഗരമധ്യത്തിലും പ്രധാന റോഡുകളിലും വാഹന നിയന്ത്രണത്തിന് ആവശ്യത്തിന് പോലിസുകാരും ഉണ്ടാവാറില്ല. അനധികൃതമായി നിരത്തുവക്കുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും നടപ്പാതകളില്‍ തെരുവോര വാണിഭക്കാര്‍ സജീവമാവുകയും ചെയ്യുമ്പോള്‍ ഗതാഗത കുരുക്ക് അതിന്റെ മൂര്‍ധന്യതയിലെത്തുന്നു. പെരുന്നാള്‍ വിപണി സജീവമാവുമ്പോള്‍ നഗരത്തില്‍ ജനത്തിരക്ക് ഇനിയും വര്‍ധിക്കും. ഇത് യാത്രക്കാരെ വലക്കുമെന്ന് ഉറപ്പായിട്ടും വിഷയത്തില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.പോലിസുകാരുടെ കുറവാണ് ഗതാഗത നിയന്ത്രണത്തില്‍ മഞ്ചേരി ട്രാഫിക് പോലിസിനെ വലക്കുന്നത്. തെരുവോര കച്ചവടം നിയന്ത്രിക്കുമെന്ന നഗരസഭയുടെ കാലങ്ങളായുള്ള പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്കുപോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ നഗരത്തിലാവുന്നില്ലെന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it