kozhikode local

ഗതാഗതക്കുരുക്കഴിക്കാന്‍ നഗരത്തിന് സമഗ്ര പാര്‍ക്കിങ് നയരേഖ

കോഴിക്കോട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കോഴിക്കോട് നഗരത്തിന് സമാശ്വാസമായി സമഗ്ര പാര്‍ക്കിങ് നയരേഖ. കേരളത്തിന്റെ നഗര വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സവിശേഷ പരിഗണനയിലുള്ള മൂന്നു പദ്ധതികളില്‍ ഒന്നെന്ന നിലയിലാണ് കോഴിക്കോട് മേഖലാ നഗരാസൂത്രണ കാര്യാലയം ഈ സമഗ്ര പാര്‍ക്കിങ് നയരേഖ തയ്യാറാക്കിയിരിക്കുന്നത്. നഗര സാഹചര്യങ്ങളും സവിശേഷതകളും പഠന, വിശകലനങ്ങള്‍ക്കു വിധേയമാക്കി സംസ്ഥാനത്ത് തയ്യാറാക്കപ്പെടുന്ന ആദ്യത്തെ നഗര പാര്‍ക്കിങ് നയരേഖയാണിത്.
നഗരത്തില്‍ പുതിയ പാര്‍ക്കിങ് ഇടങ്ങള്‍ വികസിപ്പിക്കുക, നിലവിലുള്ള സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ആവശ്യമായവ അനുയോജ്യമായ ഇടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക, പേ പാര്‍ക്കിങ് കേന്ദ്രങ്ങളുടെ നിരക്കുകള്‍ ഏകീകരിക്കുക മുതലായവ പാര്‍ക്കിങ് നയരേഖ ലക്ഷ്യമിടുന്നു. കെട്ടിടങ്ങളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും പാര്‍ക്കിങ് ഇടങ്ങള്‍ തരംമാറ്റി ഉപയോഗിക്കുന്നത് തടയാന്‍ നിരന്തരമായ പരിശോധനകള്‍, നിര്‍ദ്ദിഷ്ട ഇടങ്ങളിലും അനുവദനീയമായ നിരത്തുകളിലും മാത്രമായി പാര്‍ക്കിങ് കര്‍ശനമായി പരിമിതപ്പെടുത്തല്‍, പാര്‍ക്കിങ് നിരോധിത മേഖലകളിലെ പാര്‍ക്കിങ്ങിനും നടപ്പാതകളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കും പാര്‍ക്കിങ്ങിനുമെതിരായ കൃത്യമായ പോലിസ് നടപടികള്‍ തുടങ്ങിയവ നയരേഖാ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
നയരൂപീകരണത്തിന് മുന്നോടിയായി കോഴിക്കോട് മേഖലാ നഗരാസൂത്രണ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ വിശദമായ സര്‍വ്വേയും സാധ്യതാ പഠനവും പൊതുജനാഭിപ്രായ സമാഹരണവും നടത്തിയിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍ക്കിങ് ഇടങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും നയരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്.
നാളെ ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ പാര്‍ക്കിങ് നയരേഖ പ്രകാശനം ചെയ്യും.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രേഖ ഏറ്റുവാങ്ങും. ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.
Next Story

RELATED STORIES

Share it