World

ഖുനൈത്‌റയില്‍ നിന്ന് 800 വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകരെ ജോര്‍ദാനിലെത്തിച്ചു

ബെയ്‌റൂത്ത്: സിറിയയിലെ യുദ്ധമേഖലയായ ജൂലാന്‍ കുന്നുകള്‍ക്കു സമീപമുള്ള ഖുനൈത്്‌റയില്‍ നിന്നു 800 വൈറ്റ് ഹെല്‍മറ്റ് (സിറിയ സിവില്‍ ഡിഫന്‍സ്) രക്ഷാപ്രവര്‍ത്തകരെ ഇസ്രായേല്‍ വഴി ജോര്‍ദാനിലെത്തിച്ചു. സിറിയന്‍ സന്നദ്ധപ്രവര്‍ത്തകരെയും കുടുംബങ്ങളെയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ സൈന്യം ട്വിറ്ററില്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സാധാരണക്കാരെയും ഇസ്രായേല്‍ വഴി ഒഴിപ്പിക്കുമെന്നും സൈന്യം അറിയിച്ചു.
യുഎസിന്റെയും യുറോപ്യന്‍ രാജ്യങ്ങളുടെയും നിര്‍ദേശപ്രകാരമാണിതെന്നും അവര്‍ വ്യക്തമാക്കി. ഖുനൈത്‌റയുടെ 90 ശതമാനം ഭാഗങ്ങളും റഷ്യുടെ പിന്തുണയോടെ സിറിയന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമായതോടെ ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യുഎസും യുറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തങ്ങളുടെ അധീനതയിലുള്ള ജൂലാന്‍ കുന്നുകളിലൂടെ ജോര്‍ദാനിലെത്തിച്ചതെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
ഒഴിപ്പിച്ച ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇസ്രായേലില്‍ നിന്നും 800 വൈറ്റ് ഹെല്‍മറ്റ്  പ്രവര്‍ത്തകരെ തങ്ങള്‍ സ്വീകരിച്ചതായും അവരെ ബ്രിട്ടന്‍, കാനഡ, ജെര്‍മനി എന്നീ രാജ്യങ്ങളിലേക്ക് മാറ്റുമെന്നും ജോര്‍ദാന്‍ അറിയിച്ചു. മുന്നു മാസത്തിനികം ഈ രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് ധാരണ. 50 വൈറ്റ് ഹെല്‍മറ്റ് കുടുംബങ്ങളെ (250 പേരെ) സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കാനഡ അറിയിച്ചു.
വിമത നിയന്ത്രണത്തിലുള്ള ഖൂനൈത്‌റയില്‍ കഴിഞ്ഞയാഴ്ചകളില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും സൈന്യം പിടിച്ചെടുത്തതോടെ മേഖയില്‍ നിന്നു പിന്‍മാറാന്‍ വിമതര്‍ തയ്യാറാവുകയായിരുന്നു. ഖുനൈത്‌റയില്‍ സിറിയന്‍ സൈന്യം ശക്തമായ ആക്രമണം തുടരുന്നതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it