World

ഖഷോഗി തിരോധാനം സത്യം വെളിപ്പെടുത്തണം: യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സൗദി കോണ്‍സുലേറ്റിനുള്ളില്‍ കാണാതായതുമായി ബന്ധപ്പെട്ട് സത്യം വെളിപ്പെടുത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുത്തേറഷ്. ഇത്തരം തിരോധാനങ്ങള്‍ കൂടുതലായി നടക്കുമെന്ന് ഭയപ്പെടുന്നതായും ഇത് “'പുതിയ സാധാരണ നില'’ആയിത്തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണാതാവുകയായിരുന്നു. എന്നാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സൗദി നിഷേധിക്കുകയാണ്. തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ സൗദി തയ്യാറാണെന്നും ഖഷോഗിയെ വധിക്കാന്‍ ഭരണകൂടം ഉത്തരവിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സൗദി ആഭ്യന്തരമന്ത്രി സൗദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് വ്യക്തമാക്കി.
ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സത്യം വെളിപ്പെടുത്താന്‍ സൗദിയിലെ സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഖഷോഗി കൊല്ലപ്പെട്ടെന്ന്് തെളിഞ്ഞാല്‍ സൗദി കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഖഷോഗി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതിന് ഓഡിയോ, വീഡിയോ തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സൗദി അറേബ്യ സഹകരിക്കണമെന്നും കോണ്‍സുലേറ്റില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘത്തെ അനുവദിക്കണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവുസ് ഒഗ്‌ലു ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it