World

ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചെന്ന്

ആങ്കറ: കാണാതായ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയാ, വീഡിയോ തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി സര്‍ക്കാര്‍ യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചു. യുഎസ്, തുര്‍ക്കി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഒക്ടോബര്‍ രണ്ടിന് കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തുകയും മൃതദേഹം തുണ്ടംതുണ്ടമാക്കുകയായിരുന്നുവെന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖഷോഗിയുടെ മരണത്തിന് സൗദി ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് ഒഡിയോ റിക്കാര്‍ഡിലുള്ളത്. കോണ്‍സുലേറ്റിനുള്ളില്‍ നിന്നുള്ള ഓഡിയോ റിക്കാര്‍ഡുകള്‍ ഖഷോഗിക്ക് എന്തു സംഭവിച്ചു എന്നു വ്യക്തമാക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഖഷോഗിയെ അറസ്റ്റ് ചെയ്യാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടതായും റിപോര്‍ട്ടുണ്ട്. യുഎസിന്റെ ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്.
അതേസമയം തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൗദി പ്രതിനിധികള്‍ തുര്‍ക്കിയിലെത്തി. വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി സൗദിയോട് ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഫ്രാന്‍സും ആവശ്യപ്പെട്ടു.
സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ കോളമിസ്റ്റുമായ ഖഷോഗിയെ ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. വിഷയത്തില്‍ സൗദി കൂടുതല്‍ വിശദീകരണവും തെളിവും നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ഉള്‍പ്പെടെയുള്ള സഖ്യരാഷ്ട്രങ്ങള്‍ രംഗത്തെത്തി.

Next Story

RELATED STORIES

Share it