Editorial

ഖഷഗ്ജിയുടെ വധത്തിന് പിന്നില്‍ കിരീടാവകാശി

മാധ്യമപ്രവര്‍ത്തകനും സൗദിഅറേബ്യന്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളുടെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയുടെ നിഷ്ഠുരവധത്തിനു പിന്നില്‍ ആരുടെ കറുത്ത കരങ്ങളാണെന്ന് ഇപ്പോള്‍ ലോകത്തിനു വ്യക്തമായിക്കഴിഞ്ഞു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് ഖഷഗ്ജിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഒടുവില്‍ ലഭിച്ച റിപോര്‍ട്ട്. ഈ ക്രൂരകൃത്യത്തിനു പിന്നില്‍ സൗദി രാജവംശത്തിനു പങ്കുണ്ടെന്ന് തുടക്കംമുതലേ തുര്‍ക്കി സംശയം ഉന്നയിച്ചിരുന്നു. പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളലില്‍ സംഭവിച്ച പാതകമല്ലിതെന്നും സൗദി കോണ്‍സുലേറ്റിനുള്ളില്‍ തന്നെ നടന്ന ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഫലമായുള്ളതാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്നെയാണ് വ്യക്തമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായ സൗദ് അല്‍ ഖഹ്താനിയാണ് കൊലയാളികള്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നതെന്ന് സൗദിയും സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ എന്താണു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു പകല്‍പോലെ വ്യക്തമാണ്.
സംഭവത്തെ സംബന്ധിച്ച് സൗദിയുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളും പിന്നീട് കോണ്‍സുലേറ്റില്‍ മല്‍പ്പിടിത്തം നടന്നതായുള്ള വെളിപ്പെടുത്തലുമെല്ലാം സംഭവത്തിലേക്കുള്ള ശരിയായ ദിശാസൂചകങ്ങളാണ്. ഖഷഗ്ജി വധത്തോടുള്ള സൗദിയുടെ കപട പ്രതികരണങ്ങളും ഇരയുടെ കുടുംബത്തോടുള്ള വ്യാജാനുകമ്പയുമെല്ലാം ലോകത്തിനു മുമ്പില്‍ ആ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ പോവുന്നില്ല.
ഇക്കൊല്ലം ഏപ്രിലില്‍ യുഎസില്‍ വച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതിവചിച്ചത്, രാജ്യത്തിനുള്ളില്‍ നിയമവാഴ്ച പ്രോല്‍സാഹിപ്പിക്കുമെന്നാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുമെങ്കിലും 'തീവ്രവാദ'ത്തിന് ഒരു അവസരം തുറന്നുകൊടുക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇപ്പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. സൗദി അറേബ്യയെപ്പോലൊരു രാജ്യത്ത് അനുവദിക്കപ്പെടാവുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വൃത്തം എത്ര ഇടുങ്ങിയതാണെന്നാണ് കിരീടാവകാശിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്.
ഖഷഗ്ജി വധം സൃഷ്ടിക്കുന്ന രാജ്യാന്തര പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദിക്കു വ്യക്തമായ ബോധ്യമുണ്ടോ എന്നറിയില്ല. യുഎസും ഇസ്രായേലും തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളവരെ ഏതു രാജ്യത്തും കടന്നുചെന്ന് വകവരുത്തുന്ന ഭീകരതയുടെ ഒരു പതിപ്പുതന്നെയാണ് സൗദിഅറേബ്യ. സിഐഎ, മൊസാദ് തുടങ്ങിയ കൊലയാളിസംഘങ്ങളാണ് ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. സൗദി അത്രത്തോളം മിടുക്കു കാണിച്ചില്ല എന്ന വ്യത്യാസം മാത്രമേ ഇവിടെയുള്ളൂ.
സൗദിയെ 21ാം നൂറ്റാണ്ടിലേക്കു നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ സാമൂഹിക-സാമ്പത്തിക പരിഷ്‌കര്‍ത്താവെന്ന പരിവേഷം കൂടി സ്വന്തമായുള്ള രാജകുടുംബാംഗമാണ്. അധികാരമോഹിയായിരിക്കുമ്പോള്‍ തന്നെ ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത് അധികാരം തന്റെ കൈയില്‍ കേന്ദ്രീകരിക്കുന്നതിനുള്ള പ്രക്രിയ എന്ന നിലയില്‍ മാത്രമാണ്. ഖഷഗ്ജിയുടെ വധം ഈയൊരു പശ്ചാത്തലത്തില്‍ കൂടി വേണം വിലയിരുത്തേണ്ടത്. വിശുദ്ധമണ്ണില്‍ നിന്നാണ് ഇത്തരം ഏകാധിപതികളും അവരുടെ കാര്‍മികത്വത്തില്‍ നടമാടുന്ന അടിച്ചമര്‍ത്തലുകളുമെന്നത് ഗൗരവപൂര്‍വം കാണേണ്ടതുതന്നെയാണ്.

Next Story

RELATED STORIES

Share it