Flash News

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ അനുരഞ്ജനശ്രമം തുടങ്ങി



ദോഹ: നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ ഒറ്റപ്പെട്ട ഖത്തറിലെ പ്രതിസന്ധി പരിഹരിക്കാന്‍ മാധ്യസ്ഥ്യശ്രമവുമായി കുവൈത്തും തുര്‍ക്കിയും. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് പരിഹാരശ്രമങ്ങളുമായി ആദ്യം മുന്നോട്ടുവന്നത്. പ്രശ്‌നപരിഹാരത്തിനായി കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ അമീറുമായി ടെലിഫോണില്‍ സംസാരിച്ച ഉര്‍ദുഗാന്‍, തുര്‍ക്കിയുടെ ഐക്യദാര്‍ഢ്യം അറിയിച്ചു. കുവൈത്ത് അമീര്‍ ഖത്തര്‍ അമീറുമായി സംസാരിച്ചു. പ്രകോപനമുണ്ടാക്കുന്ന നടപടികളൊന്നും തല്‍ക്കാലം സ്വീകരിക്കരുതെന്ന് കുവൈത്ത് അമീര്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസലിനെ ചര്‍ച്ചകള്‍ക്കായി സൗദി കുവൈത്തിലേക്ക് അയച്ചു. പ്രശ്‌നത്തില്‍ പക്ഷംപിടിക്കാതെ നില്‍ക്കുന്ന ഒമാനും നയതന്ത്രപ്രതിനിധിയെ ദോഹയിലേക്ക് അയച്ചു. ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യപൂര്‍വദേശത്തേക്കുള്ള സന്ദര്‍ശനവേളയില്‍ നടത്തിയ ഇടപെടലാണ് ഗള്‍ഫ് രാജ്യങ്ങളെ തിടുക്കത്തില്‍  നടപടിയിലേക്ക് നയിച്ചതെന്നും ഇറാന്‍ പറയുന്നു. ഏഴു രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ചെങ്കിലും ഖത്തറിലെ സൈനികകേന്ദ്രം അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കി. പതിനായിരത്തോളം കരസേനാംഗങ്ങളാണ് ഇവിടെയുള്ളത്.അതേസമയം, ഖത്തറിനെതിരായ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ചു. സൗദി സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നു ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it