ഖത്തര്‍: ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനു പരാതി

ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം നേരിട്ട് ഖത്തറിലെ ലേബര്‍ ക്യാംപില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള 650 ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി.  തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാണിച്ച് എല്‍ജെപി നേതാവ് രമാ ജോര്‍ജ് ആണ് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയത്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും കമ്പനി നിഷേധിച്ചിരിക്കുകയാണെന്നു പരാതിയില്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, മറ്റ് കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, രാംവിലാസ് പാസ്വാന്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എന്‍കെഎച്ച് എന്ന കമ്പനിയില്‍ എട്ട് വര്‍ഷ—മായി ജോലിയില്‍ തുടരുന്ന മലയാളികള്‍ അടക്കമുള്ള 650 ഇന്ത്യക്കാരാണ് വിസ പുതുക്കി നല്‍കാത്തതടക്കമുള്ള തൊഴില്‍ ചൂഷണങ്ങള്‍ നേരിടുന്നതെന്ന് പരാതിയില്‍ പറയുന്നു. ക്യാംപില്‍ കഴിയുന്നവരില്‍ 100ഓളം പേര്‍ മലയാളികളാണ്.
2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് നഗരത്തെ ഒരുക്കുന്നതിനായി ജോലിയില്‍ ഏര്‍പ്പെട്ടവരായിരുന്നു തൊഴിലാളികളില്‍ ഭൂരിപക്ഷവും. നാലു മാസമായി ഇവര്‍ക്ക് ശമ്പളം പൂര്‍ണമായും മുടങ്ങി. ലേബര്‍ ക്യാംപില്‍ കഴിയുന്ന ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും പോലും ആവശ്യത്തിനു ലഭിക്കുന്നില്ല. വൈദ്യുത വിതരണവും ക്യാംപില്‍ തടസ്സപ്പെടുത്തി. വിസ പുതുക്കി നല്‍കാത്തതും പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ നല്‍കാത്തതും മൂലം പുറംലോകവുമായുള്ള ബന്ധവും ഇവര്‍ക്ക് നഷ്ടമായ അവസ്ഥയിലാണ്. അസുഖബാധിതര്‍ക്ക് പോലും ഇതു മൂലം വൈദ്യസഹായം നേടിയെടുക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it