Flash News

ക്ഷേത്രവരുമാനം പൊതു ആവശ്യത്തിന്വിനിയോഗിക്കുന്നില്ലെന്നു സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം പൊതു ആവശ്യത്തിനായി വിനിയോഗിക്കുന്നില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗത്തിന്റെയും നിയമനം ചോദ്യംചെയ്തും ദേവസ്വത്തില്‍ കുന്നുകൂടുന്ന സമ്പത്തില്‍ മാത്രമേ താല്‍പര്യമുള്ളൂ, മെച്ചപ്പെടുത്തലുകളുടെ കാര്യത്തില്‍ അവഗണനയാണു നേരിടുന്നതെന്ന് എന്നിവ ആരോപിച്ചും രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹരജിയിലാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. തിരുവിതാംകൂര്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡുകള്‍ക്കോ, ക്ഷേത്രങ്ങള്‍ക്കോ ലഭിക്കുന്ന വരുമാനം സര്‍ക്കാരിനു ലഭിക്കുന്നില്ല. ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ട്രഷറിയിലേക്ക് വരാറില്ലെന്നും ദേവസ്വം വിഭാഗം റവന്യൂ അഡീഷനല്‍ സെക്രട്ടറി പി രാധാകൃഷ്ണന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വിവിധ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ മുഖേന ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് തന്നെയാണു ക്ഷേത്ര വരുമാനം നിക്ഷേപിക്കുന്നത്. ബോര്‍ഡിന്റെ വരവുചെലവു കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. കവനന്റ് നിയമം നിലനില്‍ക്കുന്ന കാലത്തു തിരുവിതാംകൂറിലെ പൊതു ഫണ്ടില്‍ നിന്നു തുക ബോര്‍ഡിന് നല്‍കണമെന്നു ചട്ടമുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന വന്നതോടെ കവനന്റ് ആക്റ്റിന്റെ നിലനില്‍പ്പില്ലാതായി. എന്നാല്‍, ദേവസ്വത്തിനു ഫണ്ട് നല്‍കണമെന്ന വകുപ്പ് തിരുവിതാംകൂര്‍ കൊച്ചി നിയമനിര്‍മാണ സഭ അംഗീകരിച്ചു. ഭരണഘടന പ്രാവര്‍ത്തികമായപ്പോ ള്‍ ഓര്‍ഡിനന്‍സിലൂടെയും പിന്നീട് കേരള സര്‍ക്കാരും ഈ നിയമം നിലനിര്‍ത്തി. എല്ലാ വര്‍ഷവും 80 ലക്ഷം രൂപ വീതമാണു സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബജറ്റില്‍ വകയിരുത്തി നല്‍കുന്നത്. ശബരിമല സന്നിധാനത്തിന്റെ വികസനത്തിനും തീര്‍ത്ഥാടകരുടെ ക്ഷേമത്തിനുമായി ചെലവഴിക്കുന്ന തുക ഇതിനു പുറമെയാണ്. ഭരണഘടനാപരവും ഭരണനിര്‍വഹണപരവുമായ ബാധ്യതയായാണു സര്‍ക്കാര്‍ ഈ ചെലവിനെ കാണുന്നതെന്നു സത്യവാങ്മൂലത്തി ല്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ചട്ടപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും അംഗവും തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയുള്ളവരാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അംഗമായി നിയമിച്ച ശേഷമാണു പ്രസിഡന്റാക്കിയിട്ടുള്ളത്. പ്രസിദ്ധീകരണത്തില്‍ സംഭവിച്ച തെറ്റ് മറ്റൊരു വിജ്ഞാപനത്തിലൂടെ തിരുത്തി. നിയമനത്തിനായി മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരില്‍ ഭൂരിപക്ഷ പിന്തുണ നേടിയവരാണ് ഇവര്‍. നവംബര്‍ 15ന് ഇവര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ഹരജിക്കാരന്റെ ആരോപണം പ്രത്യേക ലക്ഷ്യമിട്ടുള്ളതും ദുരുദ്ദേശ്യപരവുമാണ്. ഹരജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവില്ലെന്നും അതിനാല്‍ ഹരജി ചെലവു സഹിതം തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു
Next Story

RELATED STORIES

Share it