palakkad local

ക്ഷീരകര്‍ഷക മേളകള്‍ നടത്തി പണം പാഴാക്കുന്നു



കൊഴിഞ്ഞാമ്പാറ: ക്ഷീരകര്‍ഷകമേളയും ക്ഷീരോല്‍സവങ്ങളും നടത്തി ഫണ്ട്  ദുര്‍വ്യയം ചെയ്യാതെ ക്ഷീരകര്‍ഷകരെ രക്ഷിക്കാനുള്ള പ്രായോഗിക നടപടികള്‍  ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. പാല്‍വില വര്‍ധന ചെറിയ സഹായമായെങ്കിലും മേഖലയിലുള്ളവരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇത്തരം സൂത്രവിദ്യകള്‍ക്കാവുന്നില്ല. ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പത്തുവര്‍ഷം മുമ്പ് കമ്മീഷനെ വച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ലിറ്റര്‍ പാല്‍ ഉത്പാദനത്തിന് 36 രൂപ ചെലവുവരുമെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്രയും വര്‍ഷത്തിനിടെയുണ്ടായ മറ്റു വിലവര്‍ധന പരിഗണിച്ചാല്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 39 രൂപയെങ്കിലും വരുമെന്ന് ക്ഷീരസംഘം പറയുന്നു. ഇതിനു ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത് 32 രൂപയില്‍ താഴെയാണെന്നതാണ് വസ്തുത. പാലിന്റെ കൊഴുപ്പും മറ്റും നോക്കി വിലയിടുമ്പോള്‍ ചെലവുപോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രണമില്ലാതെ കൂട്ടിക്കൊടുക്കുമ്പോഴും കര്‍ഷകരെ അവഗണിക്കുന്ന നിലപാടുകളാണ് മാറിവരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  കര്‍ഷക പാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ഷകരെ രക്ഷിക്കാന്‍ നടപ്പിലാക്കണം. കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇനങ്ങളുടെ ബീജം ഇറക്കുമതി ചെയ്യണം. തരിശുഭൂമിയില്‍ പുല്‍കൃഷി പദ്ധതി നടപ്പിലാക്കി കുറഞ്ഞ വിലയ്ക്ക് പുല്ല് കര്‍ഷകര്‍ക്ക് നല്‍കണം. ത്രിതല പഞ്ചായത്തുകള്‍ വഴി കര്‍ഷകര്‍ക്ക് പകുതിവിലയ്ക്ക്  കാലിത്തീറ്റ ലഭ്യമാക്കുന്ന പദ്ധതിയും ആവിഷ്‌കരിക്കണം. പാലിന് 40 രൂപ കിട്ടത്തക്കവിധം സംഘത്തിലെ നടപടികള്‍ ക്രമീകരിക്കണം. അതിര്‍ത്തി കടന്നുവരുന്ന പാലിന്റെയും മാടുകളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ കാര്യക്ഷമമായ മാര്‍ഗങ്ങള്‍ അവലംബിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ക്ഷീര കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.
Next Story

RELATED STORIES

Share it