Pathanamthitta local

ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലയില്‍ നാമമാത്രമായ കുറവ് വരുത്തും

പത്തനംതിട്ട: അടിസ്ഥാന വിലയില്‍ നാമമാത്രമായ കുറവ് വരുത്തി ജില്ലയില്‍ ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നു. പുതുക്കിയ നിരക്ക് പ്രകാരം എല്ലാത്തരം മെറ്റലുകള്‍ക്കും ക്യുബിക്കടിക്ക് 33 രൂപയും എംസാന്‍ഡിന് 53 രൂപയും പി സാന്‍ഡിന് 60 രൂപയും റബിളിന് 21 രൂപയുമായിരിക്കും ക്രഷറുകളില്‍ ഈടാക്കുന്നതിനാണ് ധാരണ. ഇന്നലെ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ക്വാറി, ക്രഷര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. നിലവില്‍ എല്ലാത്തരം മെറ്റലുകള്‍ക്കും ക്യുബിക്ക് അടിക്ക് 35 രൂപയും എം സാന്‍ഡിന് 55 രൂപയും പി സാന്‍ഡിന് 64 രൂപയും റബിളിന് 22 രൂപയുമാണ് ക്രഷറുകളില്‍ ഈടാക്കിയിരുന്നത്.  ഈ മാസം 12 മുതല്‍ പുതുക്കിയ നിരക്ക് പ്രകാരം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുവാനും ക്രഷറുടമകള്‍ സമ്മതിച്ചു. ജില്ലയില്‍ 17 ക്വാറി കം ക്രഷര്‍ യൂനിറ്റുകളും ഡീലേഴ്‌സ് ലൈസന്‍സുളള 24 ക്രഷറുകളും 11 ചെറുകിട ക്വാറികളുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥലത്തു നിന്ന് പാറ പൊട്ടിക്കുന്നുണ്ടെങ്കില്‍ അതിന് റോയല്‍റ്റിക്ക് പുറമേ സീനിയറേജ് ചാര്‍ജ് കൂടി ഈടാക്കുന്നുണ്ടെന്ന് ജിയോളജി വകുപ്പ് ഉറപ്പുവരുത്തും. യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എം എ റഹിം, ഡെപ്യൂട്ടി കലക്ടര്‍ വി ബി ഷീല, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ കുമാര്‍, ആര്‍ടിഒ എബി ജോണ്‍, ഡിവൈഎസ്പിമാരായ സന്തോഷ് കുമാര്‍, വിദ്യാധരന്‍, ആര്‍ ജോസ്, ക്വാറി, ക്രഷര്‍ അസോസിയേഷന്‍ ഭാരവാഹികളായ കലഞ്ഞൂര്‍ മധു, മാത്യു ഡാനിയല്‍, രാജു തോമസ്, കെ സദാനന്ദന്‍,  കെ എന്‍ മധുസൂദനന്‍, എബി മാത്യു പങ്കെടുത്തു. മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയില്‍ ക്വാറി, ക്രഷര്‍ ഉല്‍പപന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നത് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍, ക്വാറി, ക്രഷര്‍ ഉടമകളുടെ യോഗം വിളിച്ചത്.
Next Story

RELATED STORIES

Share it