malappuram local

ക്വാറി അനുമതിക്ക് നീക്കം: സമരം നടത്തുമെന്ന് കോളനിക്കാര്‍

അരീക്കോട്: ഊര്‍ങ്ങാട്ടിരി-ഓടക്കയം രണ്ടാം വാര്‍ഡില്‍പ്പെട്ട ഈന്തു പാലി ആദിവാസി കോളനിക്ക് സമീപം പുതിയ ക്വാറി നിര്‍മാണത്തിനായി ശ്രമം നടക്കുന്നതായി കോളനിക്കാര്‍ ആരോപിച്ചു. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറിയുടെ മുകള്‍ഭാഗത്തായി പതിമൂന്ന് ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.
ഈ ക്വാറി പ്രവര്‍ത്തനം മൂലം മുമ്പ് ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരുന്നു. ക്വാറി പ്രവര്‍ത്തനം കൊണ്ട് തന്നെ സമീപ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പറയുന്നു. ആദിവാസി കോളനിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയങ്ങളില്‍ ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നതുമൂലം വിദ്യാര്‍ഥികള്‍ സുരക്ഷിതമല്ലാതെയാണ് സ്‌കൂളിലേക്ക് പോകുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ക്വാറിയില്‍ നിന്ന് നൂറ് മീറ്റര്‍ അകലം പോലും ഇല്ലാത്ത വഴിയിലൂടെയാണ് കുട്ടികള്‍ യാത്ര ചെയ്യുന്നത്.
ക്വാറിയുടെ തുടക്കത്തില്‍ മൈനിങ് നടത്തുമ്പോള്‍ ആപായ സിഗ്‌നല്‍ നല്‍കിയിരുന്നു. ഇപ്പോള്‍ അറിയിപ്പ് നല്‍കാതെയാണ് സ്‌ഫോടനം നടത്തുന്നത്. വിദ്യാര്‍ഥികള്‍ പോകുന്ന സമയങ്ങളിലും ഇപ്പോള്‍ സ്‌ഫോടനം നടക്കുന്നതുമൂലം കുട്ടികള്‍ ഭീതിയിലാണ് യാത്ര ചെയ്യുന്നത്.
നിലവിലുള്ള ക്വാറിക്ക് സമീപമായി ആദിവാസി ഭൂമിക്കടുത്താണ് പുതിയ ക്വാറിക്ക് ശ്രമം നടക്കുന്നത്. ഈ പ്രദേശത്തെ ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ വിലക്കെടുത്തതായി ആദിവാസികള്‍ പറഞ്ഞു. ചില കുടുംബങ്ങള്‍ ക്വാറി പ്രവര്‍ത്തനം മൂലം വീടൊഴിവാക്കി പോയി. ഈന്തും പാലി കോളനിയില്‍ താമസിക്കുന്ന ആദിവാസികളോട് ഭൂമി വിറ്റ് മാറി താമസിക്കാന്‍ ചിലര്‍ നിര്‍ബന്ധിക്കുന്നതായും നിരന്തര ഭീഷണിയും തുടരുന്നതായി ആദിവാസികള്‍ ആരോപിച്ചു.
നിക്ഷിപത വനഭൂമിയില്‍ പെട്ടതും റവന്യൂ ഭൂമിയില്‍ ഉള്‍പ്പെട്ടതുമായ ഈ പ്രദേശത്ത് ക്വാറികള്‍ അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണന്ന് ആദിവാസികള്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍, ഡിഎഫ്ഒക്കും നിരവധി പരാതി നല്‍കിയിട്ടും നടപ്പടി സ്വീകരിച്ചിട്ടില്ലെന്നും റീസര്‍വേ ചെയ്ത് അതിര്‍ത്തി തിരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരും തയ്യാറാകാത്തതും രാഷ്ട്രീയ ഇടപ്പെടല്‍ മൂലമാണന്ന് ഇവര്‍ വ്യക്തമാക്കി
നിരന്തരമായ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ള ഈ ഭാഗത്ത് പുതിയ  ക്വാറി അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാഷ്ടീയ നേതൃത്വത്തിന്റെ ഒത്താശയോടെ സ്വകാര്യ വ്യകതികള്‍ ആദിവാസി വീടുകള്‍ക്കടുത്ത് ക്വാറി നിര്‍മാണം ആരംഭിച്ചാല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോളനിക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it