Alappuzha local

ക്വട്ടേഷന്‍ ആക്രമണം; ഗുണ്ടകളെ പിടികൂടി പോലിസ് മുഖം മിനുക്കുന്നു



ആലപ്പുഴ: ഗുണ്ടാ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ വ്യാപകമായ ആലപ്പുഴ ജില്ലയില്‍ ഗുണ്ടകളെ പിടികൂടി പോലിസ് മുഖം മിനുക്കുന്നു. ഇതിനകം നിരവധി ഗുണ്ടകളെ വിവിധ സ്റ്റേഷനുകളിലായി പോലിസ് കസ്റ്റഡിയിലെടുത്തത്.
ഐജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഗുണ്ടകളെ പിടികൂടുന്നത്. ഇതിന് പുറമെ സ്ഥിരം കുറ്റവാളികളുടെ കണക്കെടുക്കുകയും ചെയ്യുന്നുണ്ട്. ഓരോ സ്‌റ്റേഷന്‍ പരിധിയിലേയും സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ വിഭാഗമാണ് അടിയന്തിരമായി വിവര ശേഖരണം നടത്തുന്നത്.
ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് ജില്ലയില്‍ നിര്‍ജീവമായിരുന്നു. അംഗബലം കുറഞ്ഞതാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തിയത്. ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ 10 പോലീസുകാര്‍ മാത്രമാണ് നിലവില്‍ സംഘത്തിലുളളത്. ഈ സാഹചര്യത്തില്‍ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നടപടിയായിട്ടുണ്ട്.
കാപ്പ നിയമപ്രകാരം നടപടി ഏറ്റുവാങ്ങിയവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് പ്രധാനമായും ചെയ്തിരുന്നത്. ഇതിനു പുറമേ മറ്റു കേസുകളുടെ അന്വേഷണങ്ങളില്‍ പങ്കാളികളാകേണ്ടിവരുന്നത് ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്നാക്കം പോകാന്‍ കാരണമായി.
ജില്ലയില്‍ ഗുണ്ടാ  ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ 80 ശതമാനത്തോളംപേരും ഏതെങ്കിലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുളളവരാണ്. അതുകൊണ്ടുതന്നെ പ്രാദേശിക പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ ഉള്‍പ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കിവിടുന്ന സ്ഥിതിയുമുണ്ട്. അതുകൊണ്ടുതന്നെ പലകേസുകളില്‍ നിന്നും ഇവര്‍ തലയൂരുകയാണ് പതിവ്. കഞ്ചാവ്, ലഹരിമരുന്ന് വില്‍പ്പന സംഘങ്ങള്‍ ജില്ലയില്‍ ഗ്രാമപ്രദേശങ്ങളില്‍പോലും സജീവമാണ്.
Next Story

RELATED STORIES

Share it