ക്രീമിെലയര്‍ പരിധി 6 ലക്ഷം

എന്‍ എ ശിഹാബ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില നല്‍കി ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ വിജ്ഞാപനത്തില്‍ പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി ആറു ലക്ഷം രൂപയിലൊതുക്കി. പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി എട്ടു ലക്ഷം രൂപയാക്കി കഴിഞ്ഞ ഏപ്രില്‍ 9ന് പിന്നാക്കവിഭാഗ വികസന (എ) വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ മറികടന്നാണ് നടപടി.
കഴിഞ്ഞ 7ന് സംസ്ഥാന ആയുഷ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച കരട് പ്രോസ്‌പെക്ടസിലും ക്രീമിെലയര്‍ പരിധി ആറു ലക്ഷമാണ് കാണിച്ചിരിക്കുന്നത്. കരട് പ്രോസ്‌പെക്ടസില്‍ തിരുത്ത് വരുത്താതെ ആയുഷ് വകുപ്പ് അനുമതി നല്‍കുകയായിരുന്നു. ഈ ഉത്തരവ് മുന്‍നിര്‍ത്തിയാണ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ 2018-19 വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സിന്റെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫാര്‍മസി, നഴ്‌സിങ്, തെറാപ്പിസ്റ്റ് എന്നീ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിലാണ് പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി കുറച്ചിരിക്കുന്നത്.
പ്രോസ്‌പെക്ടസ് അനുസരിച്ച് ആറു ലക്ഷം രൂപയിലധികം വരുമാനമുള്ള പിന്നാക്കവിഭാഗക്കാര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടാവില്ല. സര്‍ക്കാരിനു കീഴിലുള്ള ആയുര്‍വേദ കോളജുകളിലെ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത് ഈ മാസം 7നാണ്. അടുത്ത മാസം 8നാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. വിജ്ഞാപനം പുതുക്കിയില്ലെങ്കില്‍ നിരവധി പിന്നാക്കവിഭാഗ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടാന്‍ കാരണമാവും.
സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലായി 160 സീറ്റുകളിലേക്കാണ് പ്രവേശനം. ഇതില്‍ മുസ്‌ലിം (12), ഈഴവ (14), ലത്തീന്‍ കത്തോലിക്കര്‍ (3), അദര്‍ ബാക്ക്‌വേഡ് ഹിന്ദു (8), എസ്‌സി-എസ്ടി (16), അദര്‍ ബാക്ക്‌വേഡ് ക്രിസ്ത്യന്‍ (2) എന്നീ സീറ്റുകളിലേക്ക് സംവരണ വിഭാഗക്കാരെയാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 4നാണ് പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഉത്തരവ് ഇറങ്ങുന്ന തിയ്യതി മുതല്‍ ഈ തീരുമാനത്തിനു പ്രാബല്യമുണ്ടാവും എന്നായിരുന്നു പ്രഖ്യാപനം. ഏപ്രില്‍ 9ന് ആയുഷ് വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 2017 സപ്തംബര്‍ 13ലെ കേന്ദ്ര പേഴ്‌സനല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിന്റെ മെമ്മോറാണ്ടം പരിഗണിച്ചാണ് മേല്‍ത്തട്ട് പരിധി ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷമാക്കി ഉയര്‍ത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി എട്ടു ലക്ഷം രൂപയാക്കിയിരുന്നെങ്കിലും കേരള സര്‍ക്കാര്‍ തുടക്കത്തില്‍ ഇതു സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ സംവരണ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു.
2009 സപ്തംബര്‍ 26നാണ് പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി 4.5 ലക്ഷമാക്കി കേരള സര്‍ക്കാര്‍ നിജപ്പെടുത്തുന്നത്. പിന്നീട് 2014 ജനുവരി 31ന് ഇത് ആറു ലക്ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. സുപ്രിംകോടതിയുടെ ഇടപെടലാണ് പിന്നാക്കവിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാനപരിധി വര്‍ധിക്കാന്‍ കാരണം.
Next Story

RELATED STORIES

Share it