Flash News

ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരേ ബജ്‌റംഗ്ദള്‍ ആക്രമണം

ഭോപാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പുരോഹിതരടക്കമുള്ളവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.  വ്യാഴാഴ്ച സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ബരകാല ഗ്രാമത്തിലേക്ക് പോയ 10 പുരോഹിതരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന കരോള്‍ സംഘത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘത്തില്‍പെട്ടവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലിസിലേല്‍പ്പിക്കുകയും ചെയ്തു. രണ്ടു പുരോഹിതരെയും 32 വൈദിക വിദ്യാര്‍ഥികളെയും പോലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത വൈദികരെ ഇന്നലെ പുലര്‍ച്ചെ 3മണിയോടെയാണ് പോലിസ് വിട്ടയച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ ഒരു പുരോഹിതനടക്കം അഞ്ചുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. തന്നെ ക്രിസ്തുമതത്തിലേക്കു നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്തതായി ധര്‍മേന്ദ്ര ദോഹാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലിസ് സ്‌റ്റേഷന്‍ പരിസരത്തുവച്ചും വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വൈദികരുടെ വാഹനങ്ങള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ് പോലിസ് സ്‌റ്റേഷനിലെത്തിയ മറ്റ് നാല് വൈദികര്‍ക്കും മര്‍ദനമേറ്റതായി പ്രദേശത്തെ കത്തോലിക്കാ സഭാ അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് തീവച്ച സംഭവത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു. അജ്ഞാതരായ അക്രമികള്‍ വാഹനങ്ങള്‍ക്ക് തീവച്ചെന്ന കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലിസ് സ്റ്റേഷന് സമീപം വൈദികര്‍ക്ക് മര്‍ദനമേറ്റിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. അതേസമയം തങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്ന് സത്‌ന രൂപതയിലെ പുരോഹിതനായ എം റോണി പ്രവര്‍ത്തിച്ചു. പരാതിക്കാരനായ ധര്‍മേന്ദ്ര ദോഹാര്‍ എന്നയാളെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it