kozhikode local

ക്രിസ്ത്യന്‍ കോളജില്‍ സംഘര്‍ഷം; ഒമ്പതു വിദ്യാര്‍ഥികള്‍ക്കു പരിക്ക്‌

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കെഎസ്‌യു പ്രവര്‍ത്തകരായ അജയ് ബോസ്, ഷാമില്‍ പള്ളിപ്പൊയില്‍, മുഹമ്മദ് സാദ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ അക്ഷയ്, വിഷ്ണു, അര്‍ജുന്‍, കാര്‍ത്തിക്, രാഹുല്‍, അങ്കിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസങ്ങളില്‍ എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായി വൈകീട്ട് വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഇരുക്കൂട്ടരുടെയും പരാതിയില്‍ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്ത് മര്‍ദിച്ചിരുന്നു. ഇത് പരാതിപ്പെടാന്‍ പ്രിന്‍സിപ്പലിനെ സമീപിച്ച് തിരികെ വരികയായിരുന്നവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.
എന്നാല്‍ കാംപസിന് പുറത്ത് നിന്നുള്ള കെഎസ്‌യു നേതാക്കള്‍ എത്തി ഒരു കാരണവുമില്ലാതെ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ ജില്ലാനേതൃത്വം പറഞ്ഞു. ക്യാംപസുകളില്‍ സംഘടാനസ്വാതന്ത്ര്യം നല്‍കാതെ ഏകാധിപതികളായി നടക്കുകയാണ് എസ്എഫ്‌ഐയെന്ന് കെഎസ്‌യു ജില്ലാപ്രസിഡന്റ് വി ടി നിഹാല്‍ പറഞ്ഞു. മഹാരാജാസില്‍ ് അഭിമന്യൂവിന് വേണ്ടി ശബ്ദിക്കുമ്പോള്‍ മറ്റുകലാലയങ്ങളില്‍ അഭിമന്യൂമാരെ സൃഷ്ടിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്.
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് നിഹാല്‍ വ്യക്തമാക്കി. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.ടി സിദ്ധീഖ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ജയ്—സല്‍ അത്തോളി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it