ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ പോലിസുകാര്‍ക്കെതിരേ നടപടിക്ക് ഡിജിപിയുടെ അനുമതി

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ പോലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടി വരുന്നു. ഗുരുതരമായ കുറ്റങ്ങളിലേര്‍പ്പെട്ട 53 പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി.
ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ഡിജിപി (ക്രൈം) അധ്യക്ഷനായ സമിതി ബെഹ്‌റയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിലവില്‍ കോടതിയില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അതിലെ അന്തിമവിധി വന്നശേഷം മതി അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും ഡിജിപി നിര്‍ദേശിച്ചു. സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പെട്ടവരാണു പട്ടികയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും എസ്‌ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ്. ക്രിമിനലുകളായ പോലിസുകാരുടെ എണ്ണം കൂടിയതോടെയാണു മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നു ഡിജിപി (ക്രൈം), ഇന്റലിജന്‍സ് ഐജി, ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജി, സെക്യൂരിറ്റി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതി നടത്തിയ അന്വേഷണത്തില്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ 387 പോലിസുകാര്‍ സേനയിലുണ്ടെന്നു കണ്ടെത്തി. ഈ പട്ടിക സൂക്ഷ്മ പരിശോധന നടത്തിയാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it