ക്രഷര്‍-ക്വാറി യൂനിറ്റുകളില്‍ കല്‍പ്പിതാനുമതി: തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി റിപോര്‍ട്ട് നല്‍കണം

കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ വീഴ്ച നിമിത്തം ക്രഷര്‍-ക്വാറി യൂനിറ്റുകളില്‍ കല്‍പ്പിതാനുമതി (ഡീംഡ് ലൈസന്‍സ്) എത്ര പേര്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിച്ച് തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്രഷര്‍, ക്വാറി യൂനിറ്റുകള്‍ക്ക് ഡീംഡ് ലൈസന്‍സ് നല്‍കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഹരജികളിലെ നോട്ടീസിന് ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ മറുപടി നല്‍കാത്ത സംഭവം ധാരാളമുണ്ടെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ക്രഷര്‍, ക്വാറി ഉടമകളുടെ ഡി ആന്റ് ഒ ലൈസന്‍സിനു വേണ്ടിയുള്ള അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പരിഗണിച്ച് ഉത്തരവിടുകയോ അപേക്ഷ തള്ളുകയോ ചെയ്തില്ലെങ്കില്‍ കല്‍പ്പിത അനുമതി ലഭിച്ചതായി കണക്കാക്കാമെന്നു വ്യവസ്ഥയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി നിലപാട് അറിയിച്ചില്ലെങ്കില്‍ ഈ വ്യവസ്ഥയുടെ ഗുണം ക്വാറി-ക്രഷര്‍ ഉടമകള്‍ക്ക് ലഭിക്കും. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് ഇത്തരമൊരു മുന്നറിയിപ്പ് മാത്രം പോര, കര്‍ശനമായ നടപടികള്‍ വേണമെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി തദ്ദേശ വകുപ്പ് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേര്‍ത്തു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ക്വാറിയുടെ ലൈസന്‍സ് സംബന്ധിച്ച് എം എ ആബിദ് നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it