ക്രമസമാധാനം തകരാന്‍ കാരണം പോലിസിലെ രാഷ്ട്രീയം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് പ്രധാനകാരണം പോലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയത്ത് പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പോലിസുകാര്‍ ചുവന്ന ഷര്‍ട്ട് ധരിച്ച് പങ്കെടുക്കുകയും രക്തസാക്ഷി സ്തൂപത്തിന് ചുറ്റും നിന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പാര്‍ട്ടി നേതാവ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തത് ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി ചുരുങ്ങി. മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും തിരിച്ചറിയാന്‍ കഴിയാതായി. എല്ലാ കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു. ഭരണഘടനയ്ക്ക് അതീതമായ ശക്തിയായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തെ എല്ലാ പാര്‍ട്ടിവേദികളിലും കാണാം. പോലിസിനെ ഈ പരുവത്തിലാക്കിയതില്‍ മുഖ്യപങ്ക് ജയരാജനാണെന്നും ചെന്നിത്തല പറഞ്ഞു. നാലുതവണ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചതും ചരിത്രത്തിലാദ്യമാണ്. ഒരുതവണ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്.
ഗവര്‍ണര്‍ വിശദീകരണം ചോദിക്കുന്നത് അലങ്കാരമായാണ് മുഖ്യമന്ത്രി കാണുന്നത്. 24 മാസത്തെ ഭരണത്തിനിടയില്‍ 25 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കസ്റ്റഡി മരണങ്ങള്‍ എട്ടായി. എന്നിട്ടും സംസ്ഥാനത്ത് മികച്ച ക്രമസമാധാന നിലയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സിപിഎമ്മും ബിജെപിയും ചോരക്കളി തുടരുന്നിടത്തോളം മാഹിയില്‍ സമാധാന യോഗങ്ങള്‍ക്ക് പ്രസക്തിയില്ല.
ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ട് യുഡിഎഫിന് കിട്ടണമെന്നാണ് ആഗ്രഹം. പക്ഷേ തീരുമാനം അവരുടേതാണ്. ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎ വിട്ടിട്ടില്ല. അതിനാല്‍, അവരുടെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Next Story

RELATED STORIES

Share it