ക്രമക്കേട് സംഭവിച്ചു- തുറന്ന് സമ്മതിച്ച് കര്‍ദിനാള്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയില്‍ ക്രമക്കേടുകള്‍ സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി വില്‍പന സംബന്ധിച്ച് അന്വേഷിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മീഷന് എഴുതി നല്‍കിയ മൊഴിയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രമക്കേടു സംഭവിച്ചതായി ഏറ്റുപറഞ്ഞത്. മെഡിക്കല്‍ കോളജിനുവേണ്ടി സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് എല്ലാ വേദികളിലും ചര്‍ച്ച ചെയ്തുവെന്നാണ് തന്റെ ധാരണ. കൊച്ചു പിതാക്കന്മാര്‍ക്ക് ഇക്കാര്യം അറിയാം. താന്‍ നേരിട്ട് പണമിടപാടുകള്‍ നടത്തിയിട്ടില്ല. കോട്ടപ്പുറത്ത് 70 ഏക്കര്‍ സ്ഥലം വാങ്ങുന്നതിന് ഫിനാന്‍സ് കൗണ്‍സില്‍ തീരുമാനമുള്ളതാണ്. അത് വാങ്ങാനാണ് സാജുവിന് ആറു കോടിയും 9.6 കോടിയും നല്‍കിയത്. വാങ്ങുന്ന ഭൂമി ഉടനടി വില്‍ക്കാ—മെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. പെട്ടന്നുണ്ടായ പ്രതികൂല സാഹചര്യത്തില്‍  കച്ചവടം നടന്നില്ല. നമ്മള്‍ കൊടുത്ത പണത്തിന് ഗ്യാരന്റി നല്‍കണമെന്ന് സാജുവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദേഹം കോട്ടപ്പുറത്തെയും ദേവികുളത്തെയും ഭൂമി രജിസ്റ്റര്‍ ചെയ്തുതന്നു. പണം തിരിച്ചു തരുമ്പോള്‍ രണ്ടു സ്ഥലങ്ങളും തിരിച്ചു കൊടുക്കാമെന്നായിരുന്നു ധാരണ. സാജുവിനെ താനാണ് ജോഷിയച്ചന് പരിചയപ്പെടുത്തി നല്‍കിയതെന്നും കമ്മീഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ആധാരത്തില്‍ പറഞ്ഞ തുകയില്‍ കൈയില്‍ കിട്ടാനുള്ള പണം സാജു തിരിച്ചു തരും. അതിനുള്ള ഉറപ്പുകൂടി രണ്ടു ആധാരങ്ങളിലുടെ നല്‍കിയിട്ടുണ്ടെന്നും കര്‍ദിനാള്‍ പറയുന്നു. സഭാ നിയമങ്ങളോ നികുതി നിയമങ്ങളോ സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും ചില ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഖേദിക്കുന്നുവെന്നും ആലഞ്ചേരി  മൊഴിയില്‍ വ്യക്തമാക്കി. വഴിവിട്ട ഇടപാടുകളെക്കുറിച്ച് തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് സഹായ മെത്രാന്‍മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കമ്മീഷന്‍ മുമ്പാകെ എഴുതി നല്‍കിയ മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളജുമായി മുന്നോട്ടുപോയിട്ടില്ല. മറ്റുരില്‍ സ്ഥലം വാങ്ങുന്നത് സാമ്പത്തിക കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്തു. പോയി പഠിച്ചു. റിപോര്‍ട്ടുകള്‍ കിട്ടിയിരുന്നു. വാങ്ങിയ കാര്യം കച്ചേരിയില്‍ അറിയിക്കുകയായിരുന്നു. വായ്പ എടുക്കാം. രണ്ടോ മുന്നോ മാസത്തിനുള്ളില്‍ വരന്തരപ്പിള്ളി ഭൂമി വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് കച്ചേരിയില്‍ ധാരണ പറഞ്ഞു. വായ്പ എടുത്തുവെന്നല്ലാതെ മറ്റു വിവരങ്ങള്‍ തന്നെ അറിയിച്ചിട്ടില്ലെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മൊഴിയില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജ് പ്രോജക്ടിനെ കുറിച്ച് താന്‍ മനസ്സിലാക്കിയിടത്തോളം തുടങ്ങിയ രൂപതകള്‍ക്കെല്ലാം വലിയ സാമ്പത്തിക ഭാരമാണെന്ന് സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എഴുതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ടു നല്‍കിയ സ്വകാര്യ അന്യായം പരിഗണിക്കുന്ന കോടതിയില്‍ സഹായ മെത്രാന്മാര്‍ അടക്കമുള്ള വൈദികര്‍ മൊഴി നല്‍കാന്‍ ഹാജരായില്ല.
Next Story

RELATED STORIES

Share it