kasaragod local

കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള 2017 നവംബര്‍ 13ലെ സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു.  2017 വര്‍ഷാരംഭത്തില്‍ ആരോഗ്യ സര്‍വകലാശാലയില്‍നിന്നു വന്ന കത്തുമായി ബന്ധപ്പെട്ടാണ് പാലയാട് കാംപസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് വിഭാഗം അടച്ചൂപൂട്ടാന്‍ മാര്‍ച്ചില്‍ നീക്കം തുടങ്ങിയത്.
ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സുകള്‍ അകാരണമായി നിര്‍ത്തലാക്കുന്നതിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം ഏപ്രിലില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം, കോഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഈ വിവരം നിവേദനത്തിനുള്ള മറുപടിയായി ഗവര്‍ണറുടെ ഓഫിസില്‍നിന്ന് ആഗസ്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയും ചെയ്തു. കൂടാതെ, വിഷയം എ എന്‍ ഷംസീ ര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ കോഴ്‌സുകള്‍ നിര്‍ത്തില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.
പൊടുന്നെനെ സര്‍വകലാശാല ഹെ ല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതിനെതിരേ നിരവധി നിവേദനങ്ങള്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജി ആന്റ് മെഡിക്കല്‍ ബയോ കെമിസ്ട്രി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
നിലവില്‍ ആരോഗ്യ സര്‍വകലാശാല നടത്തേണ്ട കോഴ്‌സുകള്‍ എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്തുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായ നടപടിയാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കുറഞ്ഞ ഫീസില്‍ കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യം ഇല്ലാതാക്കിയ നടപടി പുനപ്പപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹൈക്കോടതി സര്‍വകലാശാലയുടെ തീരുമാനം താല്‍ക്കാലികമായി റദ്ദാക്കിയത്.
Next Story

RELATED STORIES

Share it