Flash News

കോഴിക്കോട് തഹസില്‍ദാര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

പി വി മുഹമ്മദ് ഇഖ്ബാല്‍
കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങില്‍ കോഴിക്കോട് തഹസില്‍ദാര്‍ക്കെതിരേ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കുരക്കല്‍പാടത്ത് സി കെ ജയകുമാര്‍, മകനായ ജെ എ വിവേക് എന്നിവര്‍ ജാതി സര്‍ട്ടിഫിക്കറ്റിനും നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനും കോഴിക്കോട് തഹസില്‍ദാരുടെ ഓഫിസില്‍ നിരവധി തവണ കയറി ഇറങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കാലതാമസം വരുത്തിയെന്നും ഉദ്യോഗസ്ഥരും തഹസില്‍ദാരും പീഡിപ്പിച്ചെന്നുമായിരുന്നു കമ്മീഷനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
ജില്ലാ കലക്ടര്‍ക്ക് രണ്ടുതവണ പരാതി നല്‍കിയതനുസരിച്ചു മാത്രമായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസത്തോടെ ലഭ്യമായത്. എന്നാല്‍, തഹസില്‍ദാര്‍ നല്‍കിയ റിപോര്‍ട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ജില്ലാ കലക്ടര്‍ പറഞ്ഞതനുസരിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്ന തഹസില്‍ദാരുടെ മറുപടിയില്‍ തന്നെ കലക്ടര്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഹരജിക്കാരന്റെ മകന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാരും ഉദ്യോഗസ്ഥരും തയ്യാറാവുമായിരുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്റ്റിലെ 9 (സി) വകുപ്പനുസരിച്ചുള്ള അധികാരമുപയോഗിച്ചു കോഴിക്കോട് ജില്ലാ കലക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും അന്വേഷണത്തില്‍ പരാതി ശരിയാണെന്നു തെളിഞ്ഞാല്‍ തഹസില്‍ദാര്‍ക്കും ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it