Flash News

കോഴിക്കോട്ട് നിപാ എത്തിയത് എവിടെ നിന്ന് ? വവ്വാലുകളെ കുറ്റവിമുക്തമാക്കാന്‍ സമയമായോ?

എം ടി പി  റഫീക്ക്

കോഴിക്കോട്: കോഴിക്കോട് നിപാ വൈറസ് ബാധ എത്തിയത് എവിടെ നിന്നാണ്? രോഗത്തിന്റെ സ്രോതസ്സിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒരു കുടുംബത്തിലെ മൂന്നു പേര്‍ നിപാ ബാധിച്ച് മരിച്ച വീട്ടിലെ കിണറ്റില്‍ നിന്നു കണ്ടെത്തിയ വവ്വാലുകളെ പരിശോധിച്ച് അവയില്‍ നിപാ വൈറസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പ്രാണികളെ തിന്നു ജീവിക്കുന്ന വവ്വാലുകളെയാണ് പരിശോധിച്ചത്. ഇതോടുകൂടി വൈറസിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ കഥകളും പരന്നുതുടങ്ങി. അതിലൊന്ന് ആദ്യം പനി ബാധിച്ചു മരിച്ച സാബിത്തിന്റെ യാത്രാവഴികളെക്കുറിച്ചായിരുന്നു.
അതേസമയം, വവ്വാലുകളില്‍ വൈറസ് കണ്ടെത്തിയില്ല എന്നതു കൊണ്ടു മാത്രം സ്രോതസ്സ് വവ്വാല്‍ അല്ലെന്ന് ഉറപ്പിക്കാനാവില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. പ്രാണികളെ തിന്നുന്ന വവ്വാലുകളിലല്ല, മറിച്ച് പഴംതീനി വവ്വാലുകളിലാണ് നിപാ കൂടുകൂട്ടുക എന്നതിനാ ല്‍ അത്തരം പക്ഷികളെ പിടികൂടി പരിശോധിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, അതിന്റെ ഫലത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഇനിയും ഒന്നും വ്യക്തമാക്കിയിട്ടില്ല.
അവയിലും വൈറസ് കണ്ടെത്തിയില്ലെങ്കിലും വവ്വാലുകളെ കുറ്റവിമുക്തമാക്കാന്‍ കഴിയില്ലെന്നാണ് ന്യൂയോര്‍ക്ക് ഇക്കോ ഹെല്‍ത്ത് അലയന്‍സിലെ മൃഗരോഗ വിദഗ്ധനും ഗവേഷകനുമായ ജോനാഥന്‍ എപ്‌സ്‌റ്റെയ്ന്‍ പറയുന്നത്. മലേസ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ നിപാ വൈറസുകളെക്കുറിച്ചും അതിനു കാരണമാകുന്ന വവ്വാലുകളെക്കുറിച്ചും 10 വര്‍ഷമായി പഠനം നടത്തിക്കൊണ്ടിരിക്കുന്നയാളാണ് എപ്‌സ്‌റ്റെയ്ന്‍. പഴംതീനി വവ്വാലുകളെ ധാരാളമായി കാണാമെങ്കിലും അവയില്‍ ഒരു നിര്‍ദിഷ്ട സമയത്ത് വൈറസുകളുടെ എണ്ണം വഹിക്കുന്നവ വളരെ കുറവായിരിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് നിപാ രോഗം അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്നത്.
2011ല്‍ പഴംതീനി വവ്വാലുകളില്‍ എപ്‌സ്‌റ്റെയ്ന്‍ നടത്തിയ പഠന പ്രകാരം ഇവ രോഗകാരികളായ വൈറസുകളെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പടര്‍ത്തുന്ന കാലദൈര്‍ഘ്യം വളരെ ചെറുതാണെന്നു കണ്ടെത്തി. വൈറസ് വാഹകരായ വവ്വാലുകളില്‍ തന്നെ ഏതാനും ആഴ്ചകള്‍ക്കു ശേഷം വൈറസുകളെ കണ്ടെത്താനാവില്ലെന്നതാണ് വസ്തുത. വൈറസ് വാഹകരായ ഒരു വവ്വാല്‍ക്കൂട്ടത്തില്‍ നിന്ന്  കുറഞ്ഞ സമയത്തേക്കും കുറഞ്ഞ അളവിലും മാത്രമാണ് വൈറസ് പുറത്തേക്കു വരുന്നത്.
ശേഖരിച്ച വവ്വാല്‍ സാംപിളുകളില്‍ നിന്ന് വൈറസ് കണ്ടെത്തിയില്ലെങ്കിലും നിപാ പടര്‍ന്നത് അവയില്‍ നിന്നല്ലെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് എപ്‌സ്‌റ്റെയ്‌ന്റെ പഠനം തെളിയിക്കുന്നത്. പ്‌റ്റെര്‍പോയ്ഡ് മീഡിയസ് എന്നയിനം വവ്വാലുകളാണ് ബംഗ്ലാദേശിലും ഇന്ത്യയിലും നിപാ പടര്‍ത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വവ്വാലുകളിലാണ് എപ്‌സ്‌റ്റെയ്ന്‍ പഠനം നടത്തിയത്. കേരളത്തിലെ നിപാ ബാധയെക്കുറിച്ച് അന്വേഷിക്കുന്ന നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ബംഗ്ലാദേശില്‍ നിപാ പടര്‍ന്നത് വവ്വാലുകളുടെ മൂത്രം, ഉമിനീര് എന്നിവയിലൂടെ മലിനമായ ഈത്തപ്പനക്കള്ള് കുടിച്ചതിലൂടെയാണ്. അതേസമയം, മലേസ്യയില്‍ വവ്വാലുകള്‍ കഴിച്ചതിന്റെ ബാക്കി തിന്ന പന്നികളിലൂടെയാണ് വൈറസ് മനുഷ്യരിലെത്തിയത്. കേരളത്തി ല്‍ നിപാ എത്തിയത് വൈറസ് ബാധയുള്ള പഴങ്ങളിലൂടെയാവാനാണ് സാധ്യത. ആദ്യം നിപാ ബാധിച്ചവര്‍ ഇത്തരം പഴങ്ങള്‍ കഴിച്ചിട്ടുണ്ടാവാം.
നിപാ വൈറസിന്റെ ആദ്യ ഇരയെന്ന് കരുതുന്ന പേരാമ്പ്രയിലെ സാബിത്ത് മരിച്ചത് മെയ് 5നാണ്. എന്നാല്‍, പരിശോധനയുമായി ബന്ധപ്പെട്ട് പ്രദേശത്തു നിന്ന് ആദ്യം ശേഖരിച്ചത് സാധാരണഗതിയില്‍ വൈറസ് ഉണ്ടാവാന്‍ സാധ്യതയില്ലാത്ത പ്രാണികളെ തിന്നുന്ന വവ്വാലുകളെയാണ്. ഇത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. പഴംതീനി വവ്വാലുകളില്‍ പഠനം ആരംഭിച്ചത് കഴിഞ്ഞയാഴ്ച മാത്രമാണ്. എപ്‌സ്‌റ്റെയ്‌ന്റെ പഠനപ്രകാരം ഇതിനകം ഈ വവ്വാലുകളില്‍ നിന്ന് വൈറസ് സാന്നിധ്യം അപ്രത്യക്ഷമായിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ ഇവയില്‍ നിപാ കണ്ടെത്തിയില്ലെങ്കിലും വവ്വാലുകളെ കുറ്റവിമുക്തമാക്കാനാവില്ലെന്നാണ് വിദഗ്ധ മതം.
അതേസമയം, നിപാ സ്രോതസ്സ് വവ്വാലുകളാണെങ്കിലും അല്ലെങ്കിലും അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കുമെന്ന് എപ്‌സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. പരാഗണത്തിലും വിത്തുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിലും പാരിസ്ഥിതികമായ വലിയ പ്രാധാന്യമുള്ളവയാണ് വവ്വാലുകള്‍. അപൂര്‍വമായും ആകസ്മികമായും മാത്രമാണ് ഇവ രോഗകാരണമാവുന്നത്.
Next Story

RELATED STORIES

Share it