kozhikode local

കോഴിക്കോടിനെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കോഴിക്കോട്: ചരിത്ര പ്രസിദ്ധവും വാണിജ്യ- സാംസ്‌കാരിക മേഖലയില്‍ കൈയൊപ്പ് പതിപ്പിച്ചതുമായ കോഴിക്കോട് നഗരത്തെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം കെ രാഘവന്‍ എംപി പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ 1000 വര്‍ഷത്തിലേറെയായി അറിയപ്പെടുന്ന നഗരമാണ് കോഴിക്കോട്. 1498-ല്‍  വാസ്‌കോ ഡി ഗാമ ഇന്ത്യയില്‍ വന്നിറങ്ങിയ കോഴിക്കോട് സാമ്പത്തിക, വ്യാവസായിക-വാണിജ്യ കേന്ദ്രമാണ്. 6,13,2555 ജനസംഖ്യയുള്ള കോഴിക്കോട് ജില്ല 118.59 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു. ഒരു ചതുരശ്രകിലോമീറ്ററിന് 5171പേര്‍ എന്ന അനുപാതത്തില്‍ ജനസാന്ദ്രതയുള്ള കോഴിക്കോട് 96% സാക്ഷരതയോടെ മുന്നിട്ടു നില്‍ക്കുന്ന ജില്ല കൂടിയാണ്. ആറു പതിറ്റാണ്ട് പാരമ്പര്യമുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളജും ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട റയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്ന കോഴിക്കോട് വ്യോമ-കര-ജല-റെയില്‍  ഗതാഗത സൗകര്യങ്ങളാല്‍ മറ്റ് നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ 130 വര്‍ഷം പഴക്കമുള്ളതും, എന്നാല്‍ കാലോചിതമായി നവീകരണം നടത്തിയതുമായ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനായ് റെയില്‍വേ മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. നഗരത്തിലെ ജലഗതാഗതത്തിനും ടൂറിസം സാധ്യതയ്ക്കും മുതല്‍ക്കൂട്ടാവുന്ന ചരിത്ര പ്രസിദ്ധമായ കനോലി കനാലും കോഴിക്കോടിന്റെ പ്രത്യേകതയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉരുനിര്‍മ്മാണ ശാല, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ജെന്റര്‍ പാര്‍ക്ക്, കൂടാതെ ഐഐഎം, എന്‍ഐടി തുടങ്ങിയ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. ഇത്രയും അനുകൂലസാധ്യതകള്‍ പ്രയോജനപ്പെടുത്തി കോഴിക്കോടിനെ സ്മാര്‍ട്ട്‌സിറ്റിയായി ഉയര്‍ത്തിയാല്‍ മലബാറിന്റെ വികസനത്തിന് ഏറെ പ്രയോജനമായിരിക്കുമെന്നും എംപി ലോക്‌സഭയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it