Flash News

കോഴികളില്‍ നിപ വൈറസ് കണ്ടെത്തി! പ്രചരിക്കുന്നത് വ്യാജമോ സത്യമോ?

കോഴികളില്‍ നിപ വൈറസ് കണ്ടെത്തി!  പ്രചരിക്കുന്നത് വ്യാജമോ സത്യമോ?
X


കോഴിക്കോട്: നിപ വൈറസ് ബാധ കോഴികളിലൂടെ പകരുമെന്ന സന്ദേശം വ്യാപകമായി വാട്ട്‌സപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ പാഡില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെ: നിപാ വൈറസ് ബാധ കോഴികളിലൂടെ പടരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന 60 ശതമാനം കോഴികളിലും നിപ വൈറസ് ബാധ ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.'

ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിശദീകരണവുമായി രംഗതെത്തി. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഹെല്‍ത്ത്) വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച് നിപാ വൈറസ് കോഴികളില്‍ നിന്ന് പകരുന്നതായി വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി.ജയശ്രീ അറിയിച്ചു.



നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വേദനാകരമാണ്. പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അതു പ്രചരിപ്പിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. സൈബര്‍ സെല്ലിന്റേയും പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹായത്തോടെ ഇത്തരം വ്യാജ മെസേജുകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സ്ഥിരീകരിച്ചു എന്ന പേരില്‍ സമാനമായ സന്ദേശം പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിന്റെ വടക്കില്‍ ജില്ലകളില്‍ കോഴി വില്‍പ്പന കുത്തനെ ഇടിഞ്ഞതായി കേരള ചിക്കല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ 75 ശതമാനവും മലപ്പുറം ജില്ലയില്‍ 50 ശതമാനവുമാണ് ഇടിവുണ്ടായത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 25 മുതല്‍ 30 ശതമാനം വരെ വില കുറഞ്ഞു. വയനാട് ജില്ലയില്‍ 20 ശതമാനം വരെ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലും വ്യാജ പ്രചരണം കോഴി വില്‍പ്പനയെ ബാധിച്ചു.
Next Story

RELATED STORIES

Share it