കോള്‍പ്പാടത്ത് തുമ്പി സര്‍വേ; 31 ഇനം തുമ്പികളെ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍-പൊന്നാനി കോള്‍മേഖലയില്‍ തുമ്പി സര്‍വേയും പക്ഷിനിരീക്ഷണവും സംഘടിപ്പിച്ചു. തൊമ്മാന മുതല്‍ ബിയ്യം കായല്‍ വരെയുള്ള വിവിധ കോള്‍പ്പാടശേഖരങ്ങളില്‍ നടന്ന സര്‍വേയില്‍ 10 ടീമുകളായി 70ഓളം പക്ഷി-തുമ്പി നിരീക്ഷകര്‍ പങ്കെടുത്തു. പക്ഷിനിരീക്ഷണ സര്‍വേകള്‍ സ്ഥിരമായി നടക്കാറുണ്ടെങ്കിലും കോള്‍മേഖലയിലെ തുമ്പി സര്‍വേ ഇതാദ്യമാണ്.
അത്യപൂര്‍വമായ പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ ഉള്‍പ്പെടെ 31 ഇനം തുമ്പികളെ കണ്ടെത്തി. സര്‍വേ നടത്തിയ എല്ലാ സ്ഥലങ്ങളിലും ദേശാടനത്തുമ്പിയായ തുലാത്തുമ്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തി. മകുടിവാലന്‍ തുമ്പി, പാണ്ടന്‍ വയല്‍തെയ്യന്‍, ചെമ്പന്‍ തുമ്പി, ഓണത്തുമ്പി, വയല്‍ത്തുമ്പി എന്നീ കല്ലന്‍ തുമ്പികളെയും ധാരാളമായി കാണാന്‍ കഴിഞ്ഞു.
സൂചിത്തുമ്പികളുടെ എണ്ണം വളരെ കുറവാണ്. മലിനജലത്തില്‍ മുട്ടയിട്ടു വളരുന്ന ചങ്ങാതിത്തുമ്പിയുടെ വന്‍തോതിലുള്ള സാന്നിധ്യം കോള്‍പ്പാടത്തെ അനിയന്ത്രിതമായ മലിനീകരണത്തിന്റെ സൂചനയാണ്. തുമ്പി ഗവേഷകരായ ജീവന്‍ ജോസ്, റെയ്‌സന്‍ തുമ്പൂര്‍, മുഹമ്മദ് ഷരീഫ്, സുജിത്ത് വി ഗോപാലന്‍, ഉണ്ണി പട്ടാഴി, സിജി പി കെ, രഞ്ജിത്ത്, ഗീത പോള്‍, നൈനാന്‍, വിവേക് ചന്ദ്രന്‍, മാക്‌സിം, രവീന്ദ്രന്‍ കെ സി, അജിത്ത് ജോണ്‍സന്‍ എന്നിവരാണ് സര്‍വേ നയിച്ചത്.
കോളിലെ വാര്‍ഷിക സര്‍വേക്ക് മുന്നോടിയായി നടന്ന പ്രീ എഡബ്ല്യൂഡി കോള്‍ ബേഡ്കൗണ്ടില്‍ 115 സ്പീഷീസുകളിലായി പതിനായിരത്തിലേറെ പക്ഷികളെ ഡോക്യുമെന്റ് ചെയ്തു. ഇന്ത്യയില്‍ അപൂര്‍വമായി കണ്ടുവരുന്ന ചെന്നീലിക്കാളി ഉപ്പുങ്ങല്‍ കോള്‍മേഖലയില്‍ കണ്ടെത്തി. 2015ല്‍ വെള്ളായിക്കായലിനു ശേഷം ഇത് രണ്ടാം തവണയാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ഥിരം നീര്‍പക്ഷികളെ കൂടാതെ വലിയ രാജഹംസം, കായല്‍പുള്ള്, പാടക്കുരുവി, കരിവാലന്‍ പുല്‍ക്കുരുവി, വലിയ പുള്ളിപ്പരുന്ത് തുടങ്ങിയ പക്ഷികളെയും പക്ഷിനിരീക്ഷകര്‍ക്ക് കണ്ടെത്താനായി. പ്രവീണ്‍ ഇ എസ്, മനോജ് കരിങ്ങാമഠത്തില്‍, നസ്‌റുദ്ദീന്‍ പി പി, ശ്രീകുമാര്‍ കെ, ഗോവിന്ദന്‍കുട്ടി, അരുണ്‍ ഭാസ്‌കര്‍, കൃഷ്ണകുമാര്‍ കെ അയ്യര്‍, ഷിനോ ജേക്കബ്, ശ്രീകുമാര്‍ ഇ ആര്‍, അദില്‍ നഫര്‍, മിനി ആന്റോ, അരുണ്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ജനകീയ പൗരശാസ്ത്ര (സിറ്റിസണ്‍ സയന്‍സ്) പ്ലാറ്റ്‌ഫോം ആയ ഇ-ബേഡ് ഉപയോഗിച്ച് ഡിജിറ്റല്‍ സ്വഭാവത്തിലായിരുന്നു സര്‍വേ.
പക്ഷിനിരീക്ഷണ കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സ് കലക്റ്റീവ്, കേരള കാര്‍ഷിക സര്‍വകലാശാല, കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം, ഡ്രാഗണ്‍ ഫ്‌ളൈസ് ഓഫ് കേരള ഫേസ്ബുക്ക് ഗ്രൂപ്പ്, കേരള വനം വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വേ സംഘടിപ്പിച്ചത്. ഇതോടൊപ്പം വെള്ളാനിക്കരയിലെ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തില്‍ നടന്ന സെമിനാര്‍ തുമ്പി ശാസ്ത്രജ്ഞന്‍ ഡോ. ഫ്രാന്‍സി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. പി ഒ നമീര്‍ അധ്യക്ഷനായിരുന്നു.

Next Story

RELATED STORIES

Share it