thiruvananthapuram local

കോളറയ്‌ക്കെതിരേ ആരോഗ്യ വകുപ്പ് കരുതല്‍ നടപടികള്‍ സ്വീകരിച്ചു

തിരുവനന്തപുരം:  കോഴിക്കോട്, എറണാകുളം, കൊല്ലം, ജില്ലകളിലെ ഇതര സംസ്ഥാന തൊഴിലാളികളിലും മലപ്പുറം ജില്ലയിലെ തദ്ദേശവാസികളിലും കോളറ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചു. കോഴിക്കോട്, എറണാകുളം,  കൊല്ലം, മലപ്പുറം ജില്ലകളിലും അപകട സാധ്യത കൂടിയ പ്രദേശങ്ങളിലും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും രോഗ നിരീക്ഷണ പര്യവേഷണ പ്രവര്‍ത്തനങ്ങളും  ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. നിര്‍ജ്ജലീകരണമുള്ള എല്ലാ വയറിളക്കരോഗികളെയും കോളറ നിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എല്ലാ പഞ്ചായത്തുകളിലും ചാലിയാര്‍ തീരപ്രദേശങ്ങളിലും ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ ആശുപത്രികളിലും ഒആര്‍എസ്, സിങ്ക്, ഐവി ഫഌയിഡ് എന്നിവയുടെയും ബ്ലീച്ചിങ് പൗഡറിന്റെയും ലഭ്യത ഉറപ്പു വരുത്തി. രോഗബാധിത പ്രദേശങ്ങളിലെ കിണറുകള്‍ ദിവസേന ക്ലോറിനേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയറിളക്ക രോഗികളെ ചികില്‍സിക്കുന്നതിനായി പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള നിര്‍ദ്ദേശവും നല്‍കി. നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ചികില്‍സാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ചന്തകള്‍ എന്നിവിടങ്ങളിലും ഭക്ഷണം വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. വയറിളക്ക രോഗങ്ങളും കോളറയും പിടിപെടാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യം വകുപ്പ് അറിയിച്ചു. മറ്റു നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക. പാചകം ചെയ്ത ഭക്ഷണം ചൂടാറും മുന്നേ കഴിക്കുക. ഭക്ഷണം ഈച്ച വന്നിരുന്ന് മലിനമാകാതെ അടച്ചു സൂക്ഷിക്കുക.  കക്കൂസില്‍ മാത്രം മല വിസര്‍ജനം നടത്തുക, ശൗചത്തിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ചു കഴുകുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക. പാദരക്ഷകള്‍ ഉപയോഗിക്കുക. വയറിളക്ക രോഗിക്ക് ഒആര്‍എസ് ലായനി നല്‍കുക. അതോടൊപ്പം വീട്ടില്‍ ലഭ്യമായ പാനീയങ്ങളായ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, മോരിന്‍ വെള്ളം തുടങ്ങിയവയും നല്‍കുക. എന്നിട്ടും നിര്‍ജ്ജലീകരണം തുടരുകയാണെങ്കില്‍ ഉടനെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
Next Story

RELATED STORIES

Share it