കോളജുകളെ വിലയിരുത്താന്‍ ജനുവരി മുതല്‍ സാക് അക്രഡിറ്റേഷന്‍

തൃശൂര്‍: സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍െപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിന് 2019 ജനുവരി 1 മുതല്‍ സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ സെന്റര്‍ (സാക്്) നിലവില്‍ വരുമെന്ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍. മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ ആര്‍ട്‌സ് ആന്റ്് സയന്‍സ്, ട്രെയിനിങ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാക് റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഭാവിയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുകയെന്നും സാക് വിലയിരുത്തലില്‍ നിശ്ചിത സ്ഥാനത്തെത്തുന്ന സ്വാശ്രയ കോളജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ നേടിയ നേട്ടം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ആവര്‍ത്തിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. ഈ സ്ഥിതിക്കു മാറ്റം വേണം. ഇക്കാര്യത്തില്‍ സ്വാശ്രയമേഖലയ്ക്കും വലിയ പങ്കാണു വഹിക്കാനുള്ളത്. ഗവണ്‍മെന്റ്-എയ്ഡഡ് കോളജുകളിലെ അക്കാദമിക്ക് നിലവാരത്തിലേക്ക് സ്വാശ്രയ കോളജുകളെയും ഉയര്‍ത്തും. പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കേണ്ട സാഹചര്യം നിലവിലില്ല. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നതാണു ലക്ഷ്യം. ഇതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം വ്യവസായമല്ല. ലാഭമല്ല ലക്ഷ്യമിടേണ്ടത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചു മാത്രമേ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടുപോവാന്‍ സാധിക്കൂ.
എല്ലാ സ്വാശ്രയ കോളജുകളും സ്വന്തമായി വെബ്‌സൈറ്റ് രൂപീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണം. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ മാത്രം പ്രിന്‍സിപ്പല്‍മാരായും അധ്യാപകരായും നിയമിക്കണം. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാലകള്‍ മുഴുവനായും ഓണ്‍ലൈന്‍ സൗകര്യത്തിലേക്ക് മാറുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it