കോളജുകളില്‍ സിലബസ് പരിഷ്‌കരണം അടുത്തവര്‍ഷം: മന്ത്രി

തിരുവനന്തപുരം: എഐസിടിഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കോളജുകളില്‍ അടുത്ത അധ്യയനവര്‍ഷം തന്നെ സിലബസ് പരിഷ്—കരണം നടത്തുമെന്ന് മന്ത്രി കെ ടി ജലീല്‍. പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. . സംസ്ഥാനത്തെ എയ്ഡഡ്/ സ്വാശ്രയ എന്‍ജിനീയറിങ്്, ആ ര്‍കിടെക്ചര്‍, എംബിഎ, എംസിഎ കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിലബസ് പരിഷ്‌കരണം സംബന്ധിച്ച് എന്‍ജിനീയറിങ് കോളജുകളിലും പോളിടെക്‌നിക്കുകളിലും ഇതോടനുബന്ധിച്ച് ശില്‍പശാലകള്‍ സംഘടിപ്പിക്കും. മോഡല്‍ കരിക്കുലം ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരമാവധി വിദ്യാര്‍ഥികളെ സഹായിക്കുന്ന രീതിയിലുള്ള പരിഷ്‌കരണം കെടിയുവിലും കൊണ്ടുവരും. എന്‍ട്രന്‍സ് പരീക്ഷാ കലണ്ടര്‍ അടിയന്തരമായി പരിഷ്‌കരിക്കും. നൂതന കോഴ്‌സുകള്‍ തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്ന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളെ പരിഗണിക്കും.
എഐസിടിഇയുടെ മോഡല്‍ കരിക്കുലം അനുസരിച്ച് 2019 മുതല്‍ എന്‍ജിനീയറിങ് പാസാവാന്‍ കുറഞ്ഞ മാര്‍ക്ക് 40 ശതമാനമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. പിഎച്ച്ഡി ഉള്ളവരെ മാത്രമേ പ്രിന്‍സിപ്പല്‍മാരായി എന്‍ജിനീയറിങ് കോളജുകള്‍ നിയമിക്കാവൂ. എന്‍ജിനീയറിങ് അധ്യാപകരായി എംടെക് യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:20 എങ്കിലും ആക്കണം. നിയമിക്കുന്ന അധ്യാപകരില്‍ 20 ശതമാനം മാത്രമേ കരാര്‍ അല്ലെങ്കില്‍ താല്‍കാലിക നിയമനം പാടുള്ളൂ. കോളജ് വികസന കൗണ്‍സിലുകളില്‍ വിദ്യാര്‍ഥി പ്രതിനിധികളും വേണം. കാംപസ് പ്ലേസ്‌മെന്റ് വര്‍ധിപ്പിക്കാന്‍ നടപടി വേണം.
നൈപുണി അധിഷ്ഠിത പരിശീലനം, പഠനത്തോടൊപ്പം വരുമാനം നേടാനാവുന്ന പദ്ധതികള്‍ തുടങ്ങിയവ ഉണ്ടാവണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it