kannur local

കോര്‍പറേഷന്‍ വികസന സെമിനാറിനെതിരേ പ്രതിപക്ഷ പരാതി



കണ്ണൂര്‍: സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായി വിളിച്ചുചേര്‍ത്ത കോര്‍പറേഷന്‍ വികസന സെമിനാര്‍ അംഗീകരിച്ച പദ്ധതികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എഡിഎം മുഹമ്മദ് യൂസുഫിന് നിവേദനം നല്‍കി. 13ാം പഞ്ചവല്‍സര പദ്ധതിയിലെ ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ 5.2(6)(11)ല്‍ 2016-17ലെ സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതിരേഖ തയ്യാറാക്കേണ്ടത്. ഇക്കഴിഞ്ഞ 15ന് കരടുപദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ സ്പില്‍ ഓവര്‍ പ്രൊജക്റ്റ് വിവരങ്ങളൊന്നും കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിരുന്നില്ല. അവ ഏതൊക്കെയാണെന്നു കണ്ടെത്തി തീരുമാനമെടുത്തിട്ടുമില്ല. ഈ വിഷയം ചര്‍ച്ചയ്ക്കു കൊണ്ടുവരണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും മേയര്‍ ബോധപൂര്‍വം ഒഴിവാക്കി. സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷം അവ കരടുപദ്ധതിയില്‍ രേഖപ്പെടുത്തി വികസന സെമിനാര്‍ നടത്തിയാല്‍ മതിയെന്ന് 19ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരമുള്ള ആവശ്യം പരിണിക്കാതെ 22ന് കരടുപദ്ധതി രേഖയില്‍ സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ചേര്‍ത്ത് വികസന സെമിനാര്‍ നടത്തുകയായിരുന്നു. 22ന് ചേര്‍ന്ന വികസന സെമിനാര്‍ അംഗീകരിച്ച പദ്ധതികള്‍ പരിഗണിക്കാതെ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് അഡ്വ. ടി ഒ മോഹനന്‍, സി സമീര്‍, അഡ്വ. പി ഇന്ദിര, സി കെ വിനോദ്, പ്രകാശന്‍, കെ ജമിനി, സി സീനത്ത്, എം ഷഫീഖ്, ലിഷ ദീപക് തുടങ്ങിയവരടങ്ങുന്ന കൗണ്‍സിലര്‍മാരാണ് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it