thrissur local

കോര്‍പറേഷന്‍ യോഗത്തിലെ മിനുട്‌സ് തിരുത്തിയ സംഭവം : മേയര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി



തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ യോഗത്തിലെ മിനുട്‌സ് തിരുത്തിയ സംഭവത്തില്‍ മേയറോടും സെക്രട്ടറിയോടും ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ കൗ ണ്‍സില്‍ യോഗത്തില്‍ മിനുട്‌സ്  തിരുത്തി ഭരണപക്ഷത്തിനനുകൂലമായ കാര്യങ്ങള്‍ എഴുതി ചേര്‍ത്തതു സംബന്ധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. മിനുട്‌സ്  റദ്ദാക്കണമെന്നും വോട്ടെടുപ്പിന് അനുമതിക്കായി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് അഡ്വ.എം കെ മുകുന്ദനും എ പ്രസാദുമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കോര്‍പറേഷന്‍ അധികാരികളോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വ. ഗംഗേഷ് മുഖേനയാണ് പ്രതിപക്ഷം ഹര്‍ജി നല്‍കിയത്. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. കോര്‍പറേഷനില്‍ വൈദ്യുതി വിഭാഗത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചതും റിലയന്‍സിന് വഴിവിട്ട് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട അജണ്ടകള്‍ മിനുട്‌സില്‍ എഴുതിച്ചേര്‍ത്തതയാണ് ആരോപണം. ഇതുസംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തേത്തുടര്‍ന്ന് കോര്‍പറേഷന്‍ പ്രത്യേക യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമൊന്നുമായില്ല. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സിലില്‍ കുത്തിയിരിക്കുകയും ഒരു രാത്രി മുഴുവന്‍ സമരം നടത്തുകയും ചെയ്തിരുന്നു. തീരുമാനങ്ങള്‍ വോട്ടിനിട്ട് പാസാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതോടെയായിരുന്നു സമരം. പ്രതിപക്ഷത്തിന്റെ പരാതികള്‍ പരിശോധിക്കുമെന്ന മന്ത്രി കെ ടി ജലീലിന്റെ അറിയിപ്പിനേത്തുടര്‍ന്നാണ് പിന്നീട് സമരം പിന്‍വലിച്ചത്. അതേസമയം പ്രതിപക്ഷത്ത് ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിന്നതോടെ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയ്ക്ക് അംഗബലം കുറഞ്ഞ് 26 ആയി. അതേസമയം പ്രതിപക്ഷത്ത് 29 പേരാണുള്ളത്. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള സമരത്തേച്ചൊല്ലി യുഡിഎഫിലുണ്ടായ ഭിന്നിപ്പ് ഭരണപക്ഷത്തിന് തുണയാകുകയാണ്. ഭൂരിപക്ഷം കുറഞ്ഞ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കവും പ്രതിപക്ഷം നടത്താനാണ് സാധ്യതയേറുന്നത്.
Next Story

RELATED STORIES

Share it