കോണ്‍ഗ്രസ് വിരുദ്ധതയുടെ രാഷ്ട്രീയം

എന്‍ പി ചെക്കുട്ടി
എഴുപതുകളില്‍ രാഷ്ട്രീയരംഗത്തു പ്രവേശിച്ച തലമുറയില്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് നിഷേധാത്മകമായ ഒരുപാട് ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒരു പാര്‍ട്ടിയാണ്. അടിയന്തരാവസ്ഥ അത്തരം ഓര്‍മകളില്‍ ഒന്നു മാത്രമാണ്. അറുപതുകളുടെ അവസാനം ഇന്ദിരാഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റുപോലെയാണ് ഉദിച്ചുയര്‍ന്നുവന്നത്. കോണ്‍ഗ്രസ്സിലെ വലതുപക്ഷ നേതൃത്വത്തിനെതിരേ ശക്തമായ കടന്നാക്രമണം നടത്തിക്കൊണ്ടാണ് അവര്‍ പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചെടുത്തത്. തന്റെ ഇടതുപക്ഷ പ്രതിച്ഛായയും പ്രതിബദ്ധതയും ഉറപ്പിക്കാനായി നിരവധി നടപടികളും അന്ന് ഇന്ദിരാഗാന്ധി സ്വീകരിക്കുകയുണ്ടായി. സോവിയറ്റ് യൂനിയനുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയ ഇന്ദിര, ആഭ്യന്തരരംഗത്ത് ബാങ്ക് ദേശസാല്‍ക്കരണം അടക്കമുള്ള നിരവധി പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കി. അക്കാലത്താണ് കിഴക്കന്‍ പാകിസ്താനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത്. ഇന്ത്യന്‍ സൈന്യം ശക്തമായ ഇടപെടലാണ് അന്നു നടത്തിയത്. ബംഗ്ലാദേശ് യുദ്ധവിജയത്തിനുശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അന്നത്തെ ജനസംഘം നേതാവ് വാജ്‌പേയി വിശേഷിപ്പിച്ചത് വിജയശ്രീലാളിതയായ ദുര്‍ഗ എന്നായിരുന്നു.
പക്ഷേ, അതൊക്കെ മാഞ്ഞുപോവാന്‍ അധികസമയം വേണ്ടിവന്നില്ല. കോണ്‍ഗ്രസ്സില്‍ സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടനാ ബാഹ്യമായ ഒരു അധികാരകേന്ദ്രം ഉയര്‍ന്നുവന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതിന്റെ പേരില്‍ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. 1975 ജൂണില്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷനേതാക്കളെ ഒന്നടങ്കം ജയിലിലടച്ചു. എതിര്‍പ്പു പ്രകടിപ്പിച്ച മാധ്യമങ്ങളെ അടിച്ചമര്‍ത്തി. പ്രതിഷേധിച്ചവരെ പീഡിപ്പിച്ചു. പലര്‍ക്കും കടുത്ത പീഡനങ്ങള്‍ നേരിടേണ്ടിവന്നു.
അന്ന് അതിനെതിരായി രംഗത്തുവന്ന നിരവധി പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടാണ് ഇന്നത്തെ ദേശീയ നേതൃത്വത്തിലെ പലരും പൊതുരംഗത്തു വരുന്നത്. ബിഹാറില്‍ ലാലുപ്രസാദ് യാദവിനെപ്പോലുള്ള നേതാക്കള്‍ ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിന്റെ യുവനേതാക്കളായിരുന്നു. കോണ്‍ഗ്രസ്സിലെ തന്നെ യുവതുര്‍ക്കികളായിരുന്ന ചന്ദ്രശേഖറിനെപ്പോലുള്ളവര്‍ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് പുറത്തുവന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള യുവനേതാക്കള്‍ ഒളിവില്‍പ്പോയി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വലിയ പീഡനമാണ് അന്ന് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പലരും നേരിട്ടത്.
അന്ന് ജെപിയുടെ യുവശിഷ്യനായിരുന്ന മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുരേഷ് ഖൈര്‍നാര്‍ ഈയിടെ കോഴിക്കോട്ട് ഒരു വൈകുന്നേരം ഒന്നിച്ചിരിക്കുന്ന വേളയില്‍ അക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചത് മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഫെര്‍ണാണ്ടസിന്റെ കൂടെ ബറോഡ ഡൈനാമിറ്റ് കേസില്‍ പ്രതിയായിരുന്നു അദ്ദേഹം. ഗൂഢാലോചനയൊക്കെ ഗംഭീരമായി നടന്നെങ്കിലും ഡൈനാമിറ്റൊന്നും പൊട്ടിയില്ല. പക്ഷേ, പ്രതികള്‍ പോലിസ് പിടിയിലായി. യുവാവായ ഖൈര്‍നാര്‍ അന്ന് യെര്‍വാദയിലെ ജയിലിലാണ് അടയ്ക്കപ്പെട്ടിരുന്നത്. ഭീകരന്മാരെ കൈകാര്യം ചെയ്യുന്നതില്‍ പേരുകേട്ട ജയില്‍. അവിടെ കാലിന് ചങ്ങലയുമായാണ് മാസങ്ങള്‍ തടവില്‍ കിടന്നതെന്ന് ഖൈര്‍നാര്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ ആര്‍എസ്എസുകാര്‍ മുതല്‍ സോഷ്യലിസ്റ്റുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വരെ അടിയന്തരാവസ്ഥയ്ക്ക് എതിരായി ശക്തമായ നിലപാടെടുത്തിരുന്നു. എസ്എഫ്‌ഐ പോലുള്ള വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും അടിയന്തരാവസ്ഥയെ എതിര്‍ക്കുകയുണ്ടായി. പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുണ്ട്. കേരളത്തില്‍ അക്കാലത്ത് എസ്എഫ്‌ഐയുടെ നേതാക്കള്‍ സഖാക്കള്‍ എം എ ബേബിയും കോടിയേരി ബാലകൃഷ്ണനും ആയിരുന്നു. മറ്റു പല നേതാക്കന്‍മാര്‍ക്കുമൊപ്പം ഈ രണ്ടു യുവനേതാക്കളും അന്ന് തടവറയിലായിരുന്നു.
അടിയന്തരാവസ്ഥയുടെ അനുഭവങ്ങളുടെ ഓര്‍മകള്‍ ഇന്നും സജീവമാണ്. കോളജുകളിലും സ്‌കൂളുകളിലും പോലിസ് കയറിയിറങ്ങുന്ന കാലം. പ്രതിഷേധ ജാഥകളെ നിഷ്‌കരുണമായി പോലിസ് നേരിട്ടിരുന്നു. സംഘടനാപ്രവര്‍ത്തനം അസാധ്യമായിത്തീര്‍ന്ന ഒരു കാലമാണത്. സംഘടനാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവാന്‍ ശ്രമിച്ച പല പ്രവര്‍ത്തകരും വളരെ കഷ്ടപ്പെട്ടാണു മുന്നോട്ടുപോയത്. 1975ലെ മഴക്കാലത്ത് എസ്എഫ്‌ഐയുടെ കോടഞ്ചേരി എന്ന മലയോര ഗ്രാമത്തിലെ യൂനിറ്റ് യോഗം സംഘടിപ്പിക്കാനായി അങ്ങോട്ടുപോയ കഥ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് ഒരേയൊരു ബസ് മാത്രമാണ് അങ്ങോട്ടുള്ളത്. മലയോരപാത കുണ്ടും കുഴിയും നിറഞ്ഞത്. അവിടെ എത്തിയപ്പോള്‍ പാര്‍ട്ടി ഓഫിസ് പൂട്ടിക്കിടക്കുന്നു. വരും, ആരെങ്കിലും വരാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ ദീര്‍ഘനേരം അവിടെ കാത്തുനിന്നു. ഒരു സഖാവ് വന്നു. അധികം നില്‍ക്കേണ്ട, ഓഫിസ് ഇപ്പോള്‍ തുറക്കാറില്ല. അടുത്ത ബസ്സിനു സ്ഥലം വിട്ടില്ലെങ്കില്‍ പിന്നീട് ഇന്ന് ബസ് കിട്ടാന്‍ സാധ്യതയില്ല- അദ്ദേഹം എന്നോടു കാര്യങ്ങള്‍ വിശദീകരിച്ചു.
അക്കാലത്ത് ഇന്ത്യയിലെ പൊതുജീവിതത്തില്‍ ഏറ്റവും വെറുക്കപ്പെട്ട പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധി അത്തരം ജനവിരുദ്ധ നയങ്ങളുടെ പ്രതീകമായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉപജാപകവൃന്ദങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു അവരുടെ ഭരണം. പ്രാദേശികതലങ്ങളില്‍ കോണ്‍ഗ്രസ്സിലെ ഇന്ദിരാസംഘം ഏറ്റവും ഹീനമായ കടന്നാക്രമണമാണു നടത്തിയത്. കേരളത്തില്‍ ആഭ്യന്തരമന്ത്രി കെ കരുണാകരന്റെ ദുര്‍ഭരണത്തിന്റെ കാലം. കോഴിക്കോട്ട് അന്ന് സാദിരിക്കോയ ആയിരുന്നു കരുണാകരന്റെ പ്രതിപുരുഷന്‍. ആര്‍ഇസിയിലെ രാജനടക്കം നിരവധി വിദ്യാര്‍ഥികളുടെ ജീവിതം തകര്‍ത്തത് അക്കാലമാണ്.
രാജന്റെ മാത്രം ദുരന്തമായിരുന്നില്ല അന്നത്തെ പീഡനങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായിരുന്ന അബ്രഹാം ബന്‍ഹര്‍ അടക്കം നിരവധി യുവാക്കള്‍ അന്ന് പീഡനത്തിന് ഇരയായി. കക്കയം പോലിസ് ക്യാംപിലെ ദുരനുഭവത്തിന്റെ കഥകള്‍ പിന്നീട് വി കെ പ്രഭാകരനെപ്പോലെയും അന്തരിച്ചുപോയ ഉദയഭാനുവിനെപ്പോലെയുമുള്ള സുഹൃത്തുക്കള്‍ വിവരിക്കുന്നതു കേട്ടപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. അന്ന് അതിനു കൂട്ടുനിന്ന ഒരേയൊരു പ്രസ്ഥാനം സിപിഐയായിരുന്നു. സോവിയറ്റ് യൂനിയനും ഇന്ദിരയും തമ്മിലുള്ള സൗഹൃദമാണ് അവര്‍ക്കു പ്രധാനമായിരുന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷം അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞു.
ഇന്ന് രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ വേളയില്‍ കോണ്‍ഗ്രസ്സിനോട് എന്തു സമീപനം സ്വീകരിക്കണമെന്ന ചര്‍ച്ച നടക്കുമ്പോള്‍ ഈ അനുഭവങ്ങള്‍ ഓര്‍മിക്കേണ്ടതാണ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കാലങ്ങളും ഏറ്റവും ഹീനമായ കാലങ്ങളും ഈ തലമുറയുടെ ഓര്‍മയിലുണ്ട്. രാജ്യത്തിന്റെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടം മുതല്‍ ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വത്തിന്റെ അനുഭവങ്ങള്‍ വരെയുള്ള ജ്വലിക്കുന്ന ഓര്‍മകള്‍. അതിനാല്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചു പറയുമ്പോള്‍ ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ ഇടതുപക്ഷത്തെപ്പോലെ തന്നെ ദീര്‍ഘവും സങ്കീര്‍ണവും സുപ്രധാനവുമായ ഒരു പങ്കുവഹിച്ച പ്രസ്ഥാനമാണത് എന്ന ഓര്‍മ വേണം. ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ്സിനെ മാത്രം ഒറ്റപ്പെടുത്തിനിര്‍ത്തി രാഷ്ട്രീയ വിമര്‍ശനം നടത്തുന്നതില്‍ അര്‍ഥമില്ല. ഇന്ത്യയുടെ ഉയര്‍ച്ചയിലും താഴ്ചയിലും കോണ്‍ഗ്രസ്സിന്റെ പങ്കാളിത്തമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ആ പ്രസ്ഥാനത്തിനു കൈയുണ്ട്. ഇടതുപക്ഷത്തെപ്പോലെ കോണ്‍ഗ്രസ് തങ്ങളുടെ മുന്‍കാല ചെയ്തികളെപ്പറ്റി സ്വയം വിമര്‍ശനം നടത്തിയിട്ടുണ്ട്.
അതിനാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥയില്‍, അര്‍ധ ഫാഷിസ്റ്റ് പ്രവണതകളില്‍ നിന്നു പൂര്‍ണ ഫാഷിസത്തിന്റെ തലത്തിലേക്ക് സംഘപരിവാര ഭരണകൂടം കടക്കുന്ന ഈ വേളയില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ട് ഒരു ദേശീയ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസ്സിന്റെ പരിമിതികള്‍ അറിഞ്ഞുകൊണ്ടുതന്നെ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തുനിന്നു രാജ്യത്തെ രക്ഷിക്കേണ്ട അവസ്ഥയാണ് ഇന്നു നിലവിലുള്ളത്.
അതിനാല്‍ കോണ്‍ഗ്രസ് നാമാവശേഷമാവുകയാണോ എന്നപോലെയുള്ള ചര്‍ച്ച അപ്രസക്തമാണ്. കോണ്‍ഗ്രസ് ഭാവിയില്‍ നാമാവശേഷമായി എന്നുവരാം. പക്ഷേ, ഇന്ന് ഇന്ത്യയില്‍ രാജ്യത്തിന്റെ നാനാമേഖലയിലും വേരോട്ടമുള്ള ഒരേയൊരു പ്രതിപക്ഷപ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ പ്രതീകമായി നില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെയാണ്. രാജ്യത്തിന്റെ കിഴക്കേ അതിരില്‍ മേഘാലയയില്‍ കോണ്‍ഗ്രസ് തന്നെയാണു ശക്തി; പടിഞ്ഞാറ് അറബിക്കടലോരത്തെ ഗുജറാത്തിലും കോണ്‍ഗ്രസ് തന്നെയാണ് ജനങ്ങള്‍ക്ക് ഒരു ബദല്‍ നിര്‍ദേശിക്കുന്നത്. വടക്ക് പഞ്ചാബിലും രാജസ്ഥാനിലും ജനങ്ങള്‍ക്കു പ്രതീക്ഷയര്‍പ്പിക്കാന്‍ വേറെ പാര്‍ട്ടിയില്ല. തെക്കേയറ്റത്ത് കേരളത്തിലും കര്‍ണാടകയിലും ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ്സിനെ തന്നെയാണ്.
കോണ്‍ഗ്രസ്സിന് 130 കൊല്ലത്തിലേറെ പ്രായം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ അതിന്റെ കാലം കഴിഞ്ഞു എന്നാണ് ചില രാഷ്ട്രീയ പണ്ഡിതന്മാരുടെ ന്യായം. കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയാണ് എന്നു വേറെ ചിലര്‍. ബ്രിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും എത്ര കൊല്ലത്തെ പഴക്കമുെണ്ടന്ന് ഗവേഷകര്‍ അന്വേഷിക്കുന്നതു നല്ലതാണ്. രാഷ്ട്രീയ കുടുംബങ്ങള്‍ ഇന്ത്യയിലെ മാത്രം പ്രത്യേകതയല്ല. അമേരിക്കയില്‍ കെന്നഡി കുടുംബവും ക്ലിന്റണ്‍ കുടുംബവും ഉത്തര കൊറിയയില്‍ കിം കുടുംബവും കാനഡയില്‍ ട്രൂഡോ കുടുംബവും ചൈനയില്‍ ജിന്‍ പെങിന്റെ കുടുംബവും ബ്രിട്ടനില്‍ മിലിബാന്റ് കുടുംബവും ഒക്കെ ഇങ്ങനെയുള്ള രാഷ്ട്രീയ പാരമ്പര്യത്തിന്റെ നൈരന്തര്യം അവകാശപ്പെടുന്ന കുടുംബങ്ങളാണ്. രാഷ്ട്രീയ താല്‍പര്യവും ജനങ്ങളോട് ആഭിമുഖ്യവും ഉണ്ടാവുകയെന്നത് ഒരു മോശം കാര്യമായി ലോകത്ത് ആരും കണക്കിലെടുക്കുന്നുണ്ടെന്നു തോന്നുന്നില്ല. മോത്തിലാല്‍ നെഹ്്‌റുവില്‍ നിന്നു രാഹുല്‍ഗാന്ധിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം വരുന്നത് ദീര്‍ഘമായ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും രാഷ്ട്രീയ അനുഭവങ്ങളുടെയും കഠിനമായ ത്യാഗത്തിന്റെയും പശ്ചാത്തലത്തിലാണ്. രാഹുല്‍ തന്റെ പദവി പൊരുതി നേടിയതാണ്. ഭാവിയില്‍ നരേന്ദ്ര മോദിക്കെതിരേ രാജ്യത്തെ നയിക്കുന്നത് രാഹുല്‍ ആണെങ്കില്‍ അത് ഒരു ചരിത്രനിയോഗം മാത്രമല്ല, മറിച്ച് ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ സ്വാഭാവികമായ ഒരു പരിണതി മാത്രമാണ്.
പ്രധാന പ്രശ്‌നം, കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവിനുള്ള ആന്തരിക ഊര്‍ജം ബാക്കിയുണ്ടോ എന്നതാണ്. ഇന്ത്യയിലെ സിപിഎം നേതൃത്വത്തില്‍ പലരും കോണ്‍ഗ്രസ്സിനെ ചത്ത കുതിരയായി എഴുതിത്തള്ളാന്‍ അമിത താല്‍പര്യം കാണിക്കുന്നവരാണ് എന്നു തീര്‍ച്ചയാണ്. 70കളിലെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രേതം ഇന്നും മനസ്സില്‍ പേറിനടക്കുന്ന ഒരു നേതൃനിരയാണ് അവര്‍ക്ക് കേരളത്തിലുള്ളത്. അവര്‍ക്ക് നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ഭരണത്തേക്കാള്‍ അസ്വീകാര്യമാണ് കോണ്‍ഗ്രസ്സിനോട് തോളോടുതോള്‍ ചേര്‍ന്നുള്ള ഒരു പ്രതിപക്ഷ പ്രതിരോധനിര.
ഇന്നു രാജ്യത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയചേരിയില്‍ നേതൃപരമായ ഒരു പങ്ക് വഹിക്കേണ്ടത് ഇടതുപക്ഷമാണ്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സംഭവിക്കാനിടയുള്ളപോലെ ആ ചുമതല വേണ്ടെന്നു നിശ്ചയിക്കുകയാണെങ്കില്‍ പണ്ടു കോടഞ്ചേരിയിലെ സഖാവ് പറഞ്ഞപോലെ, ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് എന്നു പറയേണ്ടിവരും. പക്ഷേ, അതു ചരിത്രം സമ്മതിച്ചുതരാനിടയുള്ള ഒരു ന്യായീകരണമായിരിക്കുകയില്ല. കാരണം, ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ 1975-77 കാലത്തെ അടിയന്തരാവസ്ഥയുടെ അവസ്ഥയെപ്പോലെത്തന്നെ ഭീകരവും അസ്വീകാര്യവുമാണ്. അന്ന് ഇന്ദിരയെ തോല്‍പിക്കാന്‍ രാജ്യം ആര്‍എസ്എസിനെപ്പോലും കൂട്ടുപിടിച്ചുവെങ്കില്‍ ഇന്ന് ആര്‍എസ്എസ് ഭരണത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ദിരയുടെ പേരമക്കളുടെ നേതൃത്വം സ്വീകരിക്കുന്നതിലും യാതൊരു പ്രയാസവും ഉണ്ടാവേണ്ടതില്ല.
ചരിത്രത്തിലെ നിര്‍ണായകമായ ദശാസന്ധികളില്‍ ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ മുഖവും പൂഴ്ത്തി ഒഴിഞ്ഞുമാറുന്നത് ഒരു പ്രസ്ഥാനത്തിനും ഭൂഷണമാവാനിടയില്ല. കേരളത്തിലെ ഇടതുപക്ഷ നേതൃത്വം എന്തുതന്നെ പറഞ്ഞാലും ശരി, രാജ്യത്തെ മാഹാഭൂരിപക്ഷം ജനങ്ങളും പുതിയൊരു ബദലിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതിനിടയില്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പഴയ കണക്കുകള്‍ പൊക്കിക്കൊണ്ടുവരുന്നത് ശത്രുവിനെ സഹായിക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.   ി
Next Story

RELATED STORIES

Share it