കോണ്‍ഗ്രസ് ബന്ധംബംഗാള്‍ ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷം

കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബാന്ധവത്തെ ചൊല്ലി പശ്ചിമബംഗാള്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്നാണ് മുന്നണിയിലെ മുഖ്യ ഘടകകക്ഷിയായ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നത്. എന്നാല്‍, ഘടകകക്ഷികളായ സിപിഐ, ആര്‍എസ്പി, അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് (എഐഎഫ്ബി) എന്നിവര്‍ അതിനെതിരാണ്.
ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോയാല്‍ മുന്നണി വിടുമെന്ന് ഘടകകക്ഷികള്‍ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പതു കക്ഷികള്‍ അടങ്ങിയതാണ് ഇടതുമുന്നണി. കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ ഉണ്ടാക്കിയാല്‍ ഇടതുമുന്നണി വിടുമെന്ന് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ടെന്ന് എഐഎഫ്ബി സംസ്ഥാന സെക്രട്ടറി നരേന്‍ ചാറ്റര്‍ജി പറഞ്ഞു. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും തങ്ങള്‍ എതിര്‍ക്കുന്നുണ്ട്. രണ്ടും ഭരണവര്‍ഗ പാര്‍ട്ടികളാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ്സുമായി സീറ്റ്ധാരണയുണ്ടാക്കിയത് ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കി. എന്നാല്‍, അത് കോണ്‍ഗ്രസ്സിന് നേട്ടമായി- ചാറ്റര്‍ജി പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബാന്ധവത്തെ ഘടകകക്ഷികള്‍ എതിര്‍ത്തിരുന്നുവെന്ന് മുതിര്‍ന്ന ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിന് സിപിഐക്ക് എതിര്‍പ്പില്ല. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ ഉണ്ടാക്കുന്നത് ഇടതുമുന്നണിക്ക് ഹാനികരമാവുമെന്നാണ് സിപിഐ പറയുന്നത്. കോണ്‍ഗ്രസ്സിന്റെ വോട്ട് ഇടതുമുന്നണിക്ക് കിട്ടിയിട്ടില്ലെന്ന് മുന്‍ അനുഭവം വച്ച് പറയാനാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പും ഈയിടെ നടന്ന മഹേശ്തല ഉപതിരഞ്ഞെടുപ്പും ഇക്കാര്യം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യത്തിന് 294 അംഗ നിയമസഭയില്‍ 76 സീറ്റ് മാത്രമാണ് കിട്ടിയത്. ഇതില്‍ 36 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. നിയമസഭയില്‍ മുഖ്യ പ്രതിപക്ഷസ്ഥാനം ഇടതുപക്ഷത്തിന് നഷ്ടമായി. 44 സീറ്റോടെ കോണ്‍ഗ്രസ് നിയമസഭയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി.
ഇടതുമുന്നണി തനിച്ചു മല്‍സരിച്ച് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.
എന്നാല്‍, ഘടകകക്ഷികളുടെ നിലപാടിനോട് പ്രതികരിക്കാന്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ തയ്യാറായില്ല. ഇടതുകക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്. ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചത്. എന്നാല്‍ വര്‍ഗീയകക്ഷികളെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിനകത്തും പുറത്തും ധാരണയാവാമെന്നും തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it