thrissur local

കോണ്‍ഗ്രസ് പുനസ്സംഘടന: കുഴൂരില്‍ നേതാക്കളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു

മാള: കുഴൂരിലെ കോണ്‍ഗ്രസ് പുനസംഘടനയെ തുടര്‍ന്ന് നേതാക്കളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു. പൊതുസമ്മതനും കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രഥമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും നിലവില്‍ കര്‍ഷക കോണ്‍ഗ്രസ്സിന്റെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ എം എ ജോജോയെ ഗ്രൂപ്പുകള്‍ക്കതീതമായി സീനിയര്‍ നേതാക്കളടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാലതിന് വിരുദ്ധമായി ചിലരുടെ കുല്‍സിത നീക്കം മൂലം ജൂനിയറും അറിയപ്പെടാത്തതുമായ വ്യക്തിയെ മണ്ഡലം പ്രസിഡന്റാക്കിയെന്നാണ് ആക്ഷേപം. പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന കാലം മുതല്‍ ഇന്നേവരെ കോണ്‍ഗ്രസ് മാത്രം ഭരണം നടത്തിയിട്ടുള്ള സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് കുഴൂര്‍ ഗ്രാമപഞ്ചായത്ത്. രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റും രണ്ട് തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി അഞ്ച് ടേം പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ എടുത്തുപറയാവുന്ന ബഹുമതിയുള്ള പഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചറെ അകറ്റിനിറുത്തിയതിലും പ്രതിഷേധമുണ്ട്. തന്റെ വീടിനോട് ചേര്‍ന്നുള്ള മൂന്ന് സെന്റ് സ്ഥലം പാര്‍ട്ടി ഓഫീസിന് വേണ്ടി വിട്ടുകൊടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി യാതൊരു കൂടിയാലോചനയും നടത്താതെയാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ടുപോകുന്നതെന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ പരാതി. കഴിഞ്ഞ മാസം നടന്ന ഡി സി സി തെരഞ്ഞെടുപ്പാണിതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാന്തകുമാരി ടീച്ചര്‍ നല്‍കിയ സ്ഥലത്ത് പണിത പാര്‍ട്ടി ഓഫീസിന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കപ്പെടാത്തതിലും പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞദിവസം നടന്ന മണ്ഡലം പ്രസിഡന്റ് സ്ഥാന കൈമാറ്റ ചടങ്ങില്‍ കുറച്ച് പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം പ്രവര്‍ത്തകരും പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചര്‍, മുന്‍ മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കുഴൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി എ അബ്ദുള്‍കരീം, നാല് ബൂത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ നിന്നും വിട്ടുനിന്നവര്‍. ചടങ്ങില്‍ നിന്നും പ്രതിഷേധിച്ചുകൊണ്ട് ഒരു ബൂത്ത് പ്രസിഡന്റ് ഇറങ്ങിപോകുകയുമുണ്ടായി. തനിക്ക് എതിരെയുള്ള പ്രതിഷേധം മണത്തറിഞ്ഞ നിയുക്ത പ്രസിഡന്റ് നേതൃത്വത്തിന് രാജിക്കത്ത് സമര്‍പ്പിച്ച് തലയൂരാന്‍ നോക്കിയെങ്കിലും വെട്ടിലായ നേതൃത്വം നാണക്കേടൊഴിവാക്കാനായി പ്രസിഡന്റിനോട് തല്‍ക്കാലം തുടരുവാന്‍ നിര്‍ബ്ബന്ധിച്ച് മുഖം രക്ഷിച്ചു. തലമുറ മാറ്റത്തിന്റെയും യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പ്രശ്‌നം എങ്ങിനെ പരിഹരിക്കുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് നേതൃത്വം. ഇത് സംബന്ധമായി ഒരു വിഭാഗം കെ പി സി സിക്ക് പരാതി നല്‍കിയിരിക്കയാണ്. 17 ന് കൊടുങ്ങല്ലൂരില്‍ കെ പി സി സി പ്രസിഡന്റ് ഫണ്ട് സ്വീകരിക്കുവാനെത്തുമ്പോള്‍ കുഴൂരിലെ ഫണ്ട് സ്വീകരണ പരിപാടി വിജയിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
Next Story

RELATED STORIES

Share it