Flash News

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷം

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാവുന്നു. സഖ്യം എത്രകാലം മുന്നോട്ട് പോവുമെന്ന് യാതൊരുറപ്പുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. പ്രാദേശിക ചാനലാണ് വീഡിയോ പുറത്തുവിട്ടത്. സംഭവത്തില്‍ ജെഡിഎസ് നേതാക്കളുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായെങ്കിലും വകുപ്പുകള്‍ വീതംവയ്ക്കുന്നതില്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ ഭിന്നതയുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള ഭിന്നത.
2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുമോ എന്നതിനുള്ള പ്രതികരണമായി സിദ്ധരാമയ്യ പറഞ്ഞത്. അഞ്ചു വര്‍ഷമോ? പ്രയാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലനില്‍ക്കും. അതിന് ശേഷം എന്തുസംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. എന്ത് സംഭവിക്കുമെന്ന് കാണാമെന്നു സിദ്ധരാമയ്യ പറയുന്നു.
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതികരണത്തില്‍ രണ്ടുദിവസം മുമ്പ് സിദ്ധരാമയ്യ അസന്തുഷ്ടി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.
ബജറ്റുമായി ബന്ധപ്പെട്ട സിദ്ധരാമയ്യയുടെ അഭിപ്രായത്തോടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചത്. ഇത്തരം അഭിപ്രായങ്ങള്‍ സംശയമുണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കൂ. ബജറ്റുമായി ബന്ധപ്പെട്ട സിദ്ധരാമയ്യയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it