Flash News

കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമില്ല; എതിര്‍ത്ത് സിപിഎം ബംഗാള്‍ ഘടകം

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ നിലപാടിനാണു മുന്‍തൂക്കമെന്ന നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സിപിഎമ്മിന്റെ രാഷ്ട്രീയനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. തര്‍ക്കവിഷയങ്ങളില്‍ പൊതുസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തലുകള്‍ വരുത്തുക മാത്രമാണു ചെയ്തത്. ഇത് ഏതെങ്കിലും ഒരുവിഭാഗത്തിന്റെ ജയമോ പരാജയമോ അല്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, തൊട്ടുപിന്നാലെ പ്രസ്താവന തിരുത്തിയ വൃന്ദ അടവുനയത്തിലെ ഭേദഗതി ഭൂരിപക്ഷ, ന്യൂനപക്ഷ തീരുമാനങ്ങളെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതല്ലെന്നു പറഞ്ഞു. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ ഭേദഗതി വരുത്തിയതോടെ യെച്ചൂരി ജയിച്ചെന്നും കാരാട്ട് തോറ്റെന്നുമുള്ള വാദങ്ങള്‍ കാരാട്ട് പക്ഷത്തെ അസ്വസ്ഥമാക്കുന്നതിന്റെ തെളിവാണ് വൃന്ദ കാരാട്ടിന്റെ പരസ്യപ്രതികരണം.
ബിജെപിയെ തോല്‍പിക്കാന്‍ ഒറ്റക്കെട്ടാവുകയും സമവായത്തിലൂടെ പാസാക്കുകയും ചെയ്ത രാഷ്ട്രീയ പ്രമേയമാണത്. ധാരണ എന്ന വാക്ക് പ്രമേയത്തില്‍നിന്ന് ഒഴിവാക്കുകയല്ല. കൂടുതല്‍ വ്യക്തതയോടെ വിശദീകരിക്കുകയാണു ചെയ്തതെന്നും അവര്‍ പറഞ്ഞു. ബിജെപിയെ പോലെ തന്നെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസ്സുമായും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ സിപിഎമ്മിന് സാധ്യമല്ല.
ബിജെപി-ആര്‍എസ്എസ് സഖ്യസര്‍ക്കാരിനെ പരാജയപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം. ഇതിനായി വിഷയങ്ങള്‍ പരിഗണിച്ച് വര്‍ഗീയശക്തികളെ നേരിടുന്നതിന് കോ ണ്‍ഗ്രസ്സുമായി സഹകരിക്കാമെന്നാണ് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.അതിനിടെ വൃന്ദയുടെ പ്രസ്താവന തള്ളിയ ബംഗാള്‍ ഘടകം എതിര്‍പ്പ് പരസ്യമാക്കി രംഗത്തുവരുകയും ചെയ്തതോടെ വീണ്ടും വിഷയത്തില്‍ പ്രതിസന്ധി രൂപപ്പെടുകയാണ്.
വൃദ്ധയുടെ പ്രതികരണത്തിനെതിരേ രംഗത്തുവന്ന ബംഗാള്‍ ഘടകം നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും നിലപാട് പരസ്യമാക്കാന്‍ ബംഗാളില്‍ നിന്നുള്ള പിബി അംഗമായ മുഹമ്മദ് സലീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കോ ണ്‍ഗ്രസ്സുമായി ഒരു നീക്കുപോക്കും പാടില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഹമ്മദ് സലീം മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി കോ ണ്‍ഗ്രസ് തീരുമാനിച്ചത് രാഷ്ട്രീയലൈന്‍ മാത്രമാണ്. തിരഞ്ഞെടുപ്പുകളില്‍ കൈക്കൊള്ളേണ്ട നിലപാട് അപ്പോള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുത്തിയ രേഖയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗഹൃദ നിലപാടുമായി യെച്ചൂരിയും രംഗത്തുവന്നിട്ടുണ്ട്. ഒരുതരത്തിലുമുള്ള ഭിന്നതയില്ലെന്നും ഒരുമിച്ചാണ് നീങ്ങുന്നതെന്നും അതാണ് പാര്‍ട്ടിയുടെ ശക്തിയെന്നും യെച്ചൂരി വ്യക്തമാക്കി. രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് തിരുത്തിയതിന്റെ പേരില്‍ ആര്‍ക്കും ജയത്തിന്റെയോ തോല്‍വിയുടെയോ പ്രശ്‌നമില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരുത്തിയ രേഖയെ ചൊല്ലി വരുംദിവസങ്ങളിലും പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമാവുമെന്നതില്‍ തര്‍ക്കമില്ല.
Next Story

RELATED STORIES

Share it