കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കും: കാരാട്ട്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്തി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ബിജെപിയെ പ്രതിരോധിക്കാന്‍ സാധ്യമായത് എന്തും ചെയ്യുമെന്നും വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്സിന് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തിലാണ് കാരാട്ട് നിലപാട് വ്യക്തമാക്കിയത്.
ബിജെപിയെ തോല്‍പ്പിക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത് നല്ലൊരു പാഠമാണ്. ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിക്കുകയാണെങ്കില്‍ ചെറുപാര്‍ട്ടികള്‍ക്കും മറ്റു പാര്‍ട്ടികള്‍ക്കും അവരെ പിന്തുണയ്ക്കാമെന്നതാണ് ഉത്തര്‍പ്രദേശ് നല്‍കുന്ന സൂചനയെന്നു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ ബിജെപിയിതര കക്ഷികള്‍ തമ്മില്‍ കൈകോര്‍ത്താല്‍ ചെറുകക്ഷികളും പ്രസ്ഥാനങ്ങളും അവര്‍ക്ക് പിന്തുണ നല്‍കും. യുപി ഉപതിരഞ്ഞെടുപ്പുകളില്‍ ബിഎസ്പിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളും എസ്പി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കി.
അതുപോലെ മറ്റു ചില ചെറിയ കക്ഷികളും എസ്പിയെ പിന്തുണയ്ച്ചു. ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന രണ്ടാമത്തെ പാഠം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഫലപ്രദമായി നേരിടുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള മുന്നണിയോ സഖ്യമോ അല്ല വേണ്ടതെന്നാണ്. ബിജെപിയെ എതിരിടുന്നതിന് യുപിഎ മാതൃകയിലുള്ള സഖ്യമാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്.
ബദല്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ അത്തരമൊരു സഖ്യത്തിന് നേതൃത്വം നല്‍കാനുള്ള വിശ്വാസ്യത കോണ്‍ഗ്രസ്സിനില്ല. ഒഡീഷയിലെ ബിജെഡി, തെലങ്കാനയിലെ ടിആര്‍എസ്, ആന്ധ്രപ്രദേശിലെ ടിഡിപി എന്നീ പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് തയ്യാറല്ല. ബിജെപിവിരുദ്ധ സഖ്യത്തിന്റെ നേതാവായി കോണ്‍ഗ്രസ് വരുന്നതില്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുന്ന കക്ഷികളുമുണ്ട്. ബിജെപിവിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കുക ലക്ഷ്യമാക്കിയുള്ള അടവുകള്‍ക്കായിരിക്കും സിപിഎം രൂപംനല്‍കുകയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it