kasaragod local

കോണ്‍ഗ്രസ്സിനും ലീഗിനും മൃദു ഹിന്ദുത്വ സമീപനം

ബദിയടുക്ക: കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ നടന്ന ഹിന്ദു സമാജോല്‍സവത്തില്‍ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ടിനെതിരേ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസും ലീഗും വൈമനസ്യം കാട്ടുന്നു. കേരള നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടാക്കണമെന്നും കര്‍ണാടകയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്തണമെന്നും പറഞ്ഞ സംഘപരിവാരിന്റെ യോഗത്തിലാണ് കൃഷ്ണ ഭട്ട് അധ്യക്ഷ പദവി അലങ്കരിച്ച് സംസാരിച്ചത്.
ഗോഹത്യ നടത്തുന്നവരുടെ തലവെട്ടാന്‍ പോലും സംഘപരിവാരിന്റെ തീപ്പൊരി പ്രസംഗക ആഹ്വാനം ചെയ്തിരുന്നു. ശ്രീരാമനും ഭാരത് മാതാക്കും ജയ് വിളിക്കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കണ്ട എന്നു പോലും പറഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണഭട്ട് ഹിന്ദു സമാജോല്‍സവത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പ്രതികരിച്ചത്. വൈകാരികപരമായി തീരുമാനമെടുക്കില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ പറഞ്ഞു.
ഹിന്ദുക്കള്‍ സാമാധാനത്തിലും ശാന്തിയിലും നിന്നാല്‍ പോരെന്നും വിപ്ലവത്തിന് തയ്യാറെടുക്കണമെന്നുമാണ് യോഗത്തില്‍ പ്രസംഗിച്ച സംഘപരിവാരം നേതാക്കള്‍ പറഞ്ഞത് സിദ്ധരാമയ്യയെ മോശമായ ഭാഷയില്‍ വിമര്‍ശിച്ച യോഗത്തിലിരുന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയൊന്നുമില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയാണ് ചെയ്തത്.
എന്നാല്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ കൃഷ്ണഭട്ട് ഒരു പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ മണ്ഡലം കമ്മിറ്റിയുടെ അനുവാദം ചോദിക്കേണ്ട ആവശ്യമില്ല. പിന്നെ എന്തിനാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതെന്ന ചോദ്യം കോണ്‍ഗ്രസ് അണികള്‍ തന്നെ ചോദിക്കുന്നുണ്ട്. ഡിസിസിയുടെ വീഴ്ച മറക്കാനാണെന്നാണ് പറയപ്പെടുന്നത്.
സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച്ച രാവിലെ ബദിയടുക്ക പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഹിന്ദുസമാജോല്‍സവത്തിന് ആശംസകളുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പേരില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ മണ്ഡലം കമ്മിറ്റിയാണ് കൃഷ്ണ ഭട്ടിന് യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഡിസിസി നല്‍കുന്ന വിശദീകരണം. എന്നാല്‍ യോഗത്തില്‍ പോകരുത് എന്ന് ഡിസിസി പ്രസിഡന്റ് വിലക്കിയിട്ടും കൃഷ്ണ ഭട്ട് പങ്കെടുക്കുകയായിരുന്നു.
കൃഷ്ണ ഭട്ടിനെ കൂട്ടുപിടിച്ച് ബദിയടുക്ക പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള സംഘപരിവാരത്തിന്റെ തന്ത്രമാണ് കഴിഞ്ഞ ദിവസം ഹിന്ദു സമാജോല്‍സവത്തില്‍ കണ്ടത്. ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് കൃഷ്ണ ഭട്ട് പ്രസംഗിച്ചപ്പോള്‍ വലിയ കരാഘോഷമായിരുന്നു.
എന്നാല്‍ സാമൂഹിക രംഗത്ത് തിളങ്ങി നില്‍ക്കുന്ന സായിറാം ഭട്ടിന്റെ മകനായ കൃഷ്ണ ഭട്ടിനെതിരേ നടപടിയെടുത്താല്‍ നിലവിലുള്ള പാര്‍ട്ടിയുടെ സ്വാധീനം കുറയുമെന്ന ആശങ്കയാണ് കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ പിന്തിരിപ്പിക്കുന്നത്.
ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പറഞ്ഞ ലീഗും ഇപ്പോള്‍ മൃദു ഹിന്ദുത്വ നിലപാടിലാണ്. 19 സീറ്റുള്ള ബദിയടുക്ക പഞ്ചായത്തില്‍ അഞ്ച് കോണ്‍ഗ്രസും അഞ്ച് മുസ്്‌ലിം ലീഗും എട്ട് ബിജെപി, ഒരു സിപിഎം അംഗങ്ങളാണുള്ളത്. കൃഷ്ണ ഭട്ട് ബിജെപിയോട് ചേര്‍ന്നാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ പെടും.
Next Story

RELATED STORIES

Share it