കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരേ ദേശീയതലത്തില്‍ ബദല്‍ശക്തി ഉയര്‍ന്നുവരണം

കോട്ടയം: ബിജെപിക്കെതിരേ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരണമാവാമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. വിഷയം അടുത്ത കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് കേരള ഘടകത്തിന്റെ നിലപാട് കോടിയേരി ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്.
കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരേ ദേശീയതലത്തില്‍ ബദല്‍ശക്തി ഉയര്‍ന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. രാഹുല്‍ഗാന്ധി വന്നതുകൊണ്ട് കോണ്‍ഗ്രസ്സിന്റെ നയങ്ങളില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് നേതാക്കന്‍മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 112 കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് ഇപ്പോള്‍ ബിജെപിയുടെ എംപിമാരായി പ്രവര്‍ത്തിക്കുന്നത്. നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ വ്യത്യാസമില്ല. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ് മോദി സര്‍ക്കാരും പിന്തുടരുന്നത്. കോണ്‍ഗ്രസ് മതനിരപേക്ഷത പറഞ്ഞ് ഉദാരവല്‍ക്കരണം നടപ്പാക്കിയപ്പോള്‍ ഹിന്ദുത്വം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നയം ആവിഷ്‌കരിച്ചത്. ഉദാരവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരേ ഉറച്ച നിലപാട് സ്വീകരിക്കുന്ന ബദല്‍ ശക്തി അഖിലേന്ത്യാതലത്തില്‍ വളര്‍ന്നുവരണം.
അധികാരത്തിനു വേണ്ടി ഹിന്ദുത്വവുമായി അവര്‍ സന്ധിചേരുകയാണ്. തങ്ങള്‍ സ്വീകരിച്ച നയം തെറ്റാണെന്നു പറയാനോ തിരുത്താനോ തയ്യാറാവാത്ത കോണ്‍ഗ്രസ്സിന് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയില്ല. ബിജെപിയും കോണ്‍ഗ്രസ്സും സിപിഎമ്മിന് ഒരുപോലെ ശത്രുക്കളാണ്. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യശത്രു ബിജെപിയാണെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it