malappuram local

കോഡൂരില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ നിര്‍ത്തിവച്ചു

മലപ്പുറം: ശക്തമായ പോലിസ് കാവലില്‍ കോഡൂര്‍ പഞ്ചായത്തില്‍ തുടങ്ങിയ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി കനത്ത പ്രതിഷേധം കാരണം കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കഴിഞ്ഞ ജില്ലാതല യോഗത്തില്‍ വാതക കുഴല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ച് വെട്ടിമാറ്റുന്ന മരങ്ങളുടെയും മറ്റും കണക്കുകള്‍ ഭൂവുടകളെ അറിയിച്ച ശേഷമേ പ്രവര്‍ത്തി നടത്തുവെന്ന് കലക്ടര്‍ നല്‍കിയ ഉറപ്പ ലംഘിക്കപ്പെട്ടതോടെയാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതു വരെ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.ഇന്നലെ രാവിലെ പ്രവര്‍ത്തി ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നിരുന്നു. പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. എന്നാല്‍ ശക്തമായ പോലിസ് സുരക്ഷയില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി തുടര്‍ന്നു. പ്രതിഷേധവുമായി എത്തിയ നാട്ടുകാരായ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കില്‍ വച്ചു. ഇവരെ പിന്നീട് വിട്ടയച്ചു. വില്ലന്‍ മരക്കാര്‍, ചെറുകാട്ടില്‍ ജലീല്‍, സി പി മജീദ് എന്നിവരെയാണു പോലിസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിനിടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ എന്നിവര്‍ കലക്ടറുമായി ചര്‍ച്ച നടത്തി നേരത്തെ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ വാതക കുഴല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ച്, ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കും വരെ പ്രവര്‍ത്തി നിര്‍ത്തിവക്കാന്‍ തീരുമാനിക്കുകയായിരുന്നു.പൈപ്പ് ഇടലിനായി സ്ഥലം നിരത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. രണ്ട് എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് ഇന്നലെ പ്രവര്‍ത്തി പുരോഗമിച്ചത്. സ്ഥലം നിരത്തുന്നതിനായി നിരവധി കമുകുകളും തെങ്ങുകളും മുറിച്ചുമാറ്റി. കമുകുകളും തെങ്ങുകളും നിറഞ്ഞ തോട്ടത്തിലൂടെയാണ് ഇവിടെ പദ്ധതി കടന്നുപോകുന്നത്. ഇരുപത് മീറ്റര്‍ വീതിയില്‍ ഇവയെല്ലാം മുറിച്ചുമാറ്റി നിരത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it