malappuram local

കോഡൂരില്‍ ഗെയില്‍ സര്‍വേ തടഞ്ഞു



മലപ്പുറം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതകപൈപ്പ് ലൈന്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ കോഡൂരില്‍ തടഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ വലിയാട് പ്രദേശത്ത് നിന്നു ഇന്നലെ രാവിലെ സര്‍വേ ആരംഭിച്ച ഉടനെത്തന്നെ തടയുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സര്‍വേ തടഞ്ഞത്. ശക്തമായ പോലിസ് സാനിധ്യത്തിലായിരുന്നു സര്‍വേ നടപടികള്‍ തുടങ്ങിയത്. ശനിയാഴ്ച കോഡൂരിലെ വട്ടപ്പറമ്പ്, പാറമ്മല്‍, ആല്‍പ്പറ്റക്കുളമ്പ് ഭാഗങ്ങളില്‍ സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു. അന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് ഉച്ചവരെ സര്‍വേ നടന്നത്. തിങ്കളാഴ്ച ജനവാസ പ്രദേശത്തിലുടെയുള്ള സര്‍വേയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. പലരും പല മറുപടിയാണ് പറഞ്ഞത്. പഴയ സര്‍വേ പുനര്‍രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വീടുകളൊഴിവാക്കി അലൈമന്റ് മാറ്റി സര്‍വേ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ മാറിമാറി ഉത്തരം പറഞ്ഞത് പൊതുജനത്തെ കൂടുതല്‍ ആശങ്കയിലാക്കി. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മാണ ചുമതലയുള്ള ചീഫ് മാനേജര്‍ എന്‍സി പ്രസാദ്, പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. ഭൂവുടമകളുമായി ചര്‍ച്ചചെയ്തു, അവരെകൂടി വിശ്വസത്തിലെടുത്ത് സര്‍വേ തുടര്‍ന്നാല്‍ മതിയെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജിയുടെ നിര്‍ദേശം അംഗീകരിച്ച് സര്‍വേ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ എം സുബൈര്‍, എം ടി ബഷീര്‍, കെ മുഹമ്മദലി, മുന്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പാന്തൊടി ബാപ്പുട്ടി, മുന്‍വൈസ്പ്രസിഡന്റ് കെ പ്രഭാകരന്‍ തുടങ്ങിയവരും ഗെയില്‍ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്നു. വാതകപൈപ്പ് ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഇന്ന് ഇരകളുമായി ചര്‍ച്ച നടത്തും. രാവിലെ ഒമ്പതിന് ചെമ്മങ്കടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലാണ് ഭൂവുടമകളുമായുള്ള ചര്‍ച്ച. കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന സ്ഥലങ്ങളുടെ ഉടമകള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് പ്രസിഡന്റ് സി പി ഷാജി അറിയിച്ചു.
Next Story

RELATED STORIES

Share it