Kottayam Local

കോട്ടയത്തും മണര്‍കാടുമായി മൂന്ന് അപകടങ്ങള്‍

കോട്ടയം: ജില്ലയില്‍ ഇന്നലെ കോട്ടയത്തും പരസിരത്തും മണര്‍കാടുമായി മൂന്ന് അപകടം. എംസി റോഡില്‍ ചൂട്ടുവേലിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ഉണ്ടായപ്പോള്‍ മണര്‍കാട് ലോറി വൈദ്യുതി പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് പോസ്റ്റ് ഓടിഞ്ഞുവീണ് യുവാവിന് ഗുരുതര പരിക്കേറ്റു.
കോടിമതയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടായെങ്കിലും ബൈക്ക് യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30ഓടെ എംസി റോഡില്‍ ചൂട്ടുവേലി ജങ്ഷനിലായിരുന്നു  നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലും കാറുകളിലും ഇടിച്ച് അപകടം സംഭവിച്ചത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു എത്തിയ കാര്‍ എതിര്‍ ദിശയില്‍ നിന്നു എത്തിയ മറ്റൊരു കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വലത്തേയ്ക്കു വെട്ടിത്തിരിഞ്ഞ കാര്‍ മറ്റൊരു കാറിന്റെ മുന്‍വശത്ത് ഇടിച്ചു.
അതേസമയം മണര്‍കാട് ലോറി വൈദ്യുതി പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞ് വീണ് കോഴിഫാം ജീവനക്കാരനാണ് ഗുരുതര പരിക്കേറ്റത്. പള്ളിക്കത്തോട് അമ്പാട്ടു കുന്നേല്‍ സനു(26) വിനാണ് പരിക്ക്.  ഇന്നലെ ഉച്ചയ്ക്ക് ശേഷം മണര്‍കാട് ഫൗള്‍ട്രി ഫാമിന് സമീപമായിരുന്നു അപകടം. നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഫാമിലേക്കുള്ള കോഴിതീറ്റയുമായി എത്തിയതായിരുന്നു ജീവനക്കാരനായ സനുവും മറ്റ് രണ്ട് പേരും.
ലോറിയില്‍ നിന്നും കോഴി തീറ്റ ഇറക്കിയ ശേഷം ലോറി മുന്നോട്ടെടുത്തപ്പോള്‍ ലോറിയുടെ സൈഡിലുള്ള ഹുക്ക് വൈദ്യുതി പോസ്റ്റില്‍ ഉടക്കുകയും പോസ്റ്റ് ഒടിഞ്ഞ് സമീപത്തു നിന്ന സനുവിന്റെ മേല്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാവിലെ 10 ഓടെ എംസി റോഡില്‍ കോടിമത എംജി റോഡിലേയ്ക്കു തിരിയുന്ന വഴിയിലായിരുന്നു മറ്റൊരു അപകടം. എന്നാല്‍ ബൈക്ക് യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. എംസി റോഡില്‍ നിന്നും എംജി റോഡിലേയ്ക്കു വാഹനങ്ങള്‍ തിരിയുന്നത് വലിയ അപകടത്തിന് പലപ്പോഴും ഇടയാക്കുന്നുണ്ട്.
ഇവിടെ ഡിവൈഡറുകളോ മറ്റ് ദിശാസൂചകങ്ങളോ ഇല്ല. അതുകൊണ്ടു തന്നെ വാഹനങ്ങള്‍ തിരിയുന്നത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. എംസി റോഡിലൂടെ അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും അകപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാവും. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കുകയോ, ഗതാഗത നിയന്ത്രണത്തിനു സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it